ഗോതമ്പ് പൊടിയും ക്യാരറ്റും മാത്രം മതിയെന്നേ, കുട്ടികൾ മുതൽ മുതിന്നവർക്ക് വരെ ഇഷ്ട്ടമാകും

ഗോതമ്പുപൊടിയും ക്യാരറ്റും ഉണ്ടെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കാം, ഇത് ഒരെണ്ണം തയ്യാറാക്കി വെച്ചാൽ വിശക്കുമ്പോൾ ഒക്കെ ഒരു പീസ് ഇതു മുറിച്ചെടുത്ത് കഴിച്ചാൽ വിശപ്പ് മാറ്റുകയും ചെയ്യും, ഒപ്പം ഇതത്രയും നമുക്ക് ഗുണകരവും ആയിരിക്കും.

ഈ വിഭവം തയ്യാറാക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് 200 ഗ്രാം ശർക്കര ഇട്ട് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കര നന്നായി ഉരുക്കി എടുക്കാം, നല്ലപോലെ ഉരുകി കഴിയുമ്പോൾ, ഫ്‌ളെയിം ഓഫ് ചെയ്ത് ഈ പാനി ചൂടാറി കഴിഞ്ഞ് അരിച്ചെടുത്ത് വക്കാവുന്നതാണ്.

ഇനി വേറൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി ചെറുതീയിൽ 2 മിനിറ്റ് ചൂടാക്കിയെടുക്കുക, ഗോതമ്പുപൊടി ചൂടായിക്കഴിയുമ്പോൾ അത് എടുത്ത് മാറ്റി വെക്കാവുന്നതാണ്. എന്നിട്ട് ഈ പാനിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർത്തുകൊടുക്കാം (നെയ്യ് താൽപര്യമില്ലെങ്കിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്താൽ മതി), എന്നിട്ട് അതിലേക്ക് ഒരു ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് ഇട്ടു വറുത്ത് കോരി മാറ്റി വെക്കുക.

ഇനി ആ നെയ്യിലേക്ക് തന്നെ ഗ്രേറ്റ് ചെയ്തഒരു മീഡിയം സൈസ് ക്യാരറ്റ് ചേർക്കണം, എന്നിട്ട് അതിലേക്ക് 5 ഏലക്കായ ചതച്ചത്, മുക്കാൽ ടീസ്പൂൺ പഞ്ചസാര ചേർത്ത് ക്യാരറ്റ് രണ്ടുമൂന്നു മിനിറ്റ് നേരം ചെറുതീയിൽ ചൂടാക്കി എടുക്കണം, (നിങ്ങൾക്ക് ഏലക്കായ അത്ര താല്പര്യം ഇല്ല എങ്കിൽ അതിൻറെ അളവ് കുറയ്ക്കാവുന്നതാണ്), രണ്ടുമൂന്നു മിനിറ്റിനു ശേഷം അതിലേക്ക് അരക്കപ്പ് തേങ്ങ ചിരവിയത് കൂടി ചേർത്ത്, തേങ്ങ കൂടി ചൂടായി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

ഇനി ഈ മിക്സ് ചൂടാറി കഴിഞ്ഞ് വേറൊരു ബൗളിലേക്ക് ഇട്ടുകൊടുത്തു, അതിലേക്ക് നേരത്തെ വറുത്തു വെച്ചിരിക്കുന്ന ഗോതമ്പുപൊടിയും, ഒപ്പം ഉരുക്കിവെച്ചിരിക്കുന്ന ശർക്കരപ്പാനി കൂടി ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്തു കൊടുക്കാം (ഏകദേശം ദോശമാവിൻറെ പരുവത്തിൽ നമുക്ക് ഈ മാവു ലഭിക്കുന്നതാണ്, ഇനി അങ്ങനെ അതിലും കട്ടി കൂടുക ആണെങ്കിൽ കുറച്ചു വെള്ളം ചേർത്ത് കട്ടി കുറയ്ക്കാവുന്നതാണ്).

പിന്നെ ഇതിലേക്ക് നിങ്ങൾക്ക് ഡ്രൈഫ്രൂട്ട്സ് ഇടാൻ താല്പര്യം ഉണ്ടെങ്കിൽ അത് നുറുക്കി ചേർക്കാം എന്നിട്ട് അതും കൂടി മിക്സ് ചെയ്തു, ഒരു കേക്ക് ടിൻ അല്ലെങ്കിൽ ഒരു പാത്രമെടുത്ത് അതിൽ എല്ലാ ഭാഗത്തും നെയ്യ് തടവി കൊടുത്തു നേരത്തെ വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് പലഭാഗത്തായി വെച്ചു കൊടുക്കാം എന്നിട്ട് ഇതിനു മുകളിലായി മാവ് ഒഴിച്ചു സെറ്റ് ചെയ്തു ആവിയില് വേവിക്കണം.

വേവിക്കുവാനായി ഇഡ്ഡലി ചെമ്പിൽ വെള്ളമൊഴിച്ചു അത് ചൂടായി ആവി വരുമ്പോൾ അതിലേക്കു തട്ട് ഇറക്കിവെച്ച് അതിനുമുകളിലായി കേക്ക് ടിൻ ഇരിക്കാവുന്ന രീതിയിൽ ഒരു ചെറിയ പ്ലേറ്റ് കമഴ്ത്തി വെച്ചു കൊടുത്തു അതിൻറെ മുകളിലായി കേക്ക് ടിൻ ഇറക്കിവെച്ച് ചെമ്പ് മൂടി മീഡിയം ഫ്ലെയിമിനും കുറച്ചു താഴെ തീ ആക്കി 20 മിനിറ്റ് നേരം വേവിക്കാവുന്നതാണ്. 20 മിനിറ്റിനുശേഷം വെന്തു എന്ന് ഉറപ്പുവരുത്തി പുറത്തേക്ക് എടുക്കാം, അപ്പോഴും വേവ് കുറവാണെങ്കിൽ രണ്ടുമൂന്നു മിനിറ്റ് കൂടി വേവിച്ചെടുക്കാം. ശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി മുറിച്ചു കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *