അടിപൊളി വെജ് കട്ട്ലറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കി എടുക്കാവുന്ന സൂപ്പർ കട്ട്ലറ്റ്

ഇതിനു വേണ്ടി ആദ്യം 2 ഉരുളന്കിഴങ് തൊലി കളയാതെ കുക്കറിൽ 1 വിസിൽ വരുന്നവരെ മുഴുവനായി പുഴുങ്ങുക. ഇനി 2 കാരറ്റും 6 ബീൻസും കൂടി ചെറുതായി അരിഞ്ഞെടുക്കുക.
അതും 1 വിസിൽ വരുന്നവരെ കുക്കറിൽ വേവിക്കുക. വേവിച്ചെടുത്ത ഉരുളൻ കിഴങ്ങ് തൊലി കളഞ് നന്നായി കൈകൊണ്ട് പൊടിച്ചെടുത് മാറ്റിവെക്കുക. 1 സവാള പൊടിയായി അരിഞ്ഞെടുക്കുക .ഒരു ചെറിയ കഷ്ണം ഇഞ്ചിയും 4 അല്ലി വെളുത്തുള്ളിയും കൂടി നന്നായി പേസ്റ്റ് ആക്കിയെടുക്കുക. ഇനി നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം.

ആദ്യം പാൻ അടുപ്പിൽ വെച്ചു ചൂടാക്കി അതിലേക്ക് 2 സ്പൂൺ ഓയിൽ ഒഴിക്കുക. സവാള ചേർക്കുക ഒന്ന് വഴറ്റി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി അതിലേക്ക് ഗരം മസാല 3/4 സ്പൂൺ, 1/2 സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്തു നന്നായിട്ടു വഴറ്റുക. ഇനി അതിലേക്ക് വേവിച്ച പച്ചക്കറികൾ ചേർക്കുക .കുറച്ചു മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക. പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് കൂടി ചേർത്ത നന്നായി വെള്ളം വറ്റുന്നത്‌ വരെ വഴറ്റിയെടുക്കുക. ഇനി ഈ കൂട്ട് ചൂടാറാൻ വക്കാം.

ഇനി കുറച്ചു ബ്രഡ് ക്രംസ് ഉണ്ടാക്കിയെടുക്കണം. അതിനു വേണ്ടി 4 ബ്രഡ് എടുത്ത് പാനിൽ വെച്ച് ചൂടാക്കിയെടുക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. 2 മുട്ട ഒരു പാത്രത്തിൽ പതപ്പിച്ചു വക്കുക. [മുട്ട ഇല്ലെങ്കിൽ നമുക്ക് മൈദ കൊണ്ട് ബാറ്റർ റെഡിയാക്കാം. അതിനു വേണ്ടി 4 സ്പൂൺ മൈദ വെള്ളത്തിൽ ലൂസായി കലക്കിയെടുക്കുക]. നമ്മൾ എടുത്തു വച്ച പച്ചക്കറി കൂട്ടിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുക്കുക. ശേഷം വട്ടത്തിലോ നീളത്തിലോ കട്ട്ലറ്റ് ഷേപ്പിൽ കയ്യിൽ വച്ച് തന്നെ പരത്തിയെടുക്കുക. ഇനി ഓരോ കട്ട്ലറ്റും മുട്ട മിക്സിൽ മുക്കി ബ്രെഡ് ക്രംസിൽ പൊതിഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക. ചെറിയ തീയിൽ വേണം വറുത്തെടുക്കാൻ. ഇപ്പോൾ നമ്മുടെ കൊതിയൂറും കട്ട്ലറ്റ് റെഡി. ഇനി ടോമാടോ സോസിന്റെ കൂടെ ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *