തട്ടുകട സ്റ്റൈലിൽ ഉള്ള നാടൻ ഉള്ളിവട തന്നെയാകാം നാളത്തെ ചായ പലഹാരം, ഉഗ്രൻ നാടൻ രുചി

തട്ടുകട സ്റ്റൈലിൽ ഉള്ള നാടൻ ഉള്ളിവട തന്നെയാകാം നാളത്തെ ചായ പലഹാരം.

ഇതിനായി ഒരു ബൗളിലേക്ക് മൂന്ന് സവാള നീളത്തിൽ വളരെ നൈസായി അരിഞ്ഞത്, രണ്ട് പച്ചമുളക് വളരെ ചെറുതായി അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, വളരെ ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞു ചതച്ചത്, അല്പം ഉപ്പ് ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക, ആദ്യം കുറച്ച് ഉപ്പു മാത്രം ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായത്തിൻറെ പൊടി, രണ്ടു നുള്ള് പെരുംജീരകപൊടി (അത് താൽപര്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതിയാകും) എന്നിവ ചേർത്തു വീണ്ടും ഇത് മിക്സ് ചെയ്തു 10 മിനിറ്റ് അത് മാറ്റിവയ്ക്കാം.

ഈ സമയം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, 4 ടേബിൾസ്പൂൺ കടലമാവ് ചേർത്തു നല്ലപോലെ മിക്സ് ചെയ്തു വെക്കണം(കടലമാവ് ഒരുപാട് ചേർക്കരുത്). അതിനുശേഷം സവാള മിക്സിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് കൊടുത്ത മിക്സ് ചെയ്തു ഒന്ന് പിഴിഞ്ഞ് നോക്കിയിട്ട് ഉണ്ടെങ്കിൽ സവാളയുടെ നീരോക്കെ വരുന്നത് കാണാം, അതുകൊണ്ടുതന്നെ ഇതിലേക്ക് ഇനി വെള്ളം ചേർക്കേണ്ട ആവശ്യമില്ല.

എന്നിട്ട് ഈ ഉള്ളിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന പൊടി കുറച്ചു കുറച്ചായി ഇട്ടു ഒരുപാട് ലൂസ് അല്ല എന്നാൽ ഒരുപാടു ഡ്രൈ അല്ലാത്ത ഒരു പരുവം ആകുമ്പോൾ ഉപ്പു വേണമെങ്കിൽ ചേർത്തതിന് ശേഷം ഫ്രൈ ചെയ്യാം. നമ്മൾ മിക്സ് ചെയ്തു വെച്ചിരിക്കുന്ന കടലമാവും, അരിപ്പൊടിയും മുഴുവനായി ഇട്ടു കൊടുക്കേണ്ട ആവശ്യം വരുകയില്ല.

ഇനി ഫ്രൈ ചെയ്യാനായി ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് ഫ്രൈ ചെയ്യുവാനുള്ള എണ്ണ ഒഴിച്ച് ഒന്നു ചൂടായാൽ മാത്രം മതിയാകും, എന്നിട്ട് അതൊരു മീഡിയം തീയിൽ ആക്കി കൈയ്യിൽ വെള്ളം നനച്ച് മാവിൽ നിന്ന് അൽപമെടുത്ത് ഒന്ന് പരത്തി വേഗം അതിലേക്ക് ഇട്ട് കൊടുക്കാം, ഒരുപാട് കട്ടിയിൽ മാവ് എടുക്കേണ്ട ആവശ്യമൊന്നുമില്ല, കാരണം കാട്ടിയില്ലാതെ മാവ് എടുക്കുമ്പോൾ രുചി കൂടുതലും അതുപോലെതന്നെ വെന്തു വരാനും എളുപ്പമാവും.

എന്നിട്ട് മീഡിയം തീയിൽ കുറച്ചെണ്ണം ഒരു സമയം തിരിച്ചും മറിച്ചും ഇട്ട് ഒരു ബ്രൗൺ നിറമാകുമ്പോൾ ഒരെണ്ണം എടുത്തു ഒന്ന് മുറിച്ചു നോക്കി ഇവ വെന്തു എന്ന് ഉറപ്പാക്കിയിട്ടു പെട്ടെന്ന് തന്നെ ബാക്കിയുള്ളതെല്ലാം കോരി എടുക്കാവുന്നതാണ്. അതിനുശേഷം ബാക്കിയുള്ള മാവ് ഇതുപോലെ ചെയ്തെടുക്കാം.

അപ്പോൾ ഏറ്റവും എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ ഈ ക്രിസ്പി ഉള്ളിവട തയ്യാറാക്കാൻ സാധിക്കുന്നതാണ്. അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു.