ചായക്കടയിലെ സുഖിയൻ കഴിച്ചിട്ടുണ്ടോ. അതുപോലൊരു സുഖിയൻ ഉണ്ടാക്കിയാലോ. ആദ്യം ഒരു കപ്പ് ചെറുപയർ 6 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കുക. ശേഷം കുക്കറിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയർ നന്നായി വേവണം. വെള്ളം വറ്റിയില്ലെങ്കിൽ തുറന്നു വച്ചു വറ്റുന്നത് വരെ വേവിക്കുക. (വെള്ളം ഉണ്ടെങ്കിൽ നമുക്ക് ഉരുള പിടിച്ചാൽ ശരിയാവില്ല) ഇനി അത് നല്ല വണ്ണം ഉടച്ചു മാറ്റി വക്കുക.
ഒരു കപ്പ് ശർക്കര 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു എടുക്കുക. ഇനി നമുക്ക് മുക്കി പൊരിക്കാൻ ആവശ്യമായ ബാറ്റർ റെഡി ആക്കാം. അതിനു വേണ്ടി 11/2കപ്പ് മൈദ, 1/4സ്പൂൺ മഞ്ഞൾപൊടി, ഒരു നുള്ള് ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിനേക്കാൾ കട്ടിയിൽ മാവ് റെഡി ആക്കുക.
ഇനി നമുക്ക് ഫില്ലിംഗ് റെഡി ആക്കാം. ചൂടാറിയ ശേഷം ചെറുപയർ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. ശർക്കര പാനി ചേർത്ത് കൊടുക്കുക. 1/2സ്പൂൺ ഏലക്ക പൊടി ചേർക്കുക. 2സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലവണ്ണം കുഴച്ചെടുക്കുക. ഇനി നമുക്ക് സുഖിയൻ ഉണ്ടാക്കിയെടുക്കാം . അതിനു വേണ്ടി ചെറുപയർ കൂട്ടിൽ നിന്ന് ഒരു ഉരുള എടുത്തു മൈദ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്തു കോരുക. എന്നിട്ട് ചൂടോടെ കഴിക്കുക.