വായിലിട്ടാൽ അലിഞ്ഞു പോകും റവ കൊണ്ടുള്ള ഈ മധുരം, മൂന്ന് ചേരുവകൾ മാത്രം

റവ കൊണ്ടുള്ള ഒരു അടിപൊളി മധുരപലഹാരം തയ്യാറാക്കാം.

അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് റവ (വറുത്തതോ, വറുക്കാത്തതോ ആയ റവ ചേർക്കാം), ഒരു കപ്പ് പഞ്ചസാര, അര ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം അതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ചു കൊടുത്തു മിക്സ് ചെയ്യാം (കൂടുതൽ ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്), കുറച്ചു ലൂസ് ആയിട്ട് വേണം ബാറ്റർ ഇരിക്കുവാൻ, എന്നിട്ട് ഒരു കേക്ക് ടിൻ അല്ലെങ്കിൽ അതുപോലത്തെ പാത്രം എടുത്തു അതിൽ എല്ലാ വശത്തും എണ്ണയോ നെയ്യോ തടവിക്കൊടുത്തു അതിലേക്ക് ഈ ബാറ്റർ ഒന്നുകൂടി ഇളക്കിയിട്ട് ഒഴിച്ചു കൊടുക്കാം.

എന്നിട്ട് ഒന്നു കൂടി ഒന്ന് സെറ്റ് ചെയ്തു അതൊരു അരമണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വയ്ക്കാം, അരമണിക്കൂറിനുശേഷം നോക്കുമ്പോൾ പാൽ എല്ലാം വറ്റി കുറച്ചുകൂടി കട്ടിയായി വന്നിരിക്കും, അപ്പോൾ ഒരു കത്തിയെടുത്ത് ഈ കട്ടി ആയിട്ടു ഉള്ള ബാറ്ററിന്മേൽ അങ്ങോട്ടുമിങ്ങോട്ടും വരഞ്ഞു കൊടുക്കാം, ഇത് എന്തിനാണെന്ന് വെച്ചാൽ ഷുഗർ സിറപ്പ് ഇതിന്മേൽ ഒഴിക്കുമ്പോൾ നല്ലപോലെ അതിനുള്ളിലേക്ക് ഇറങ്ങാൻ വേണ്ടിയിട്ടാണ്. എന്നിട്ട് അതിനു മുകളിലായി താല്പര്യമുണ്ടെങ്കിൽ അണ്ടിപ്പരിപ്പ് ഒക്കെ വെച്ച് ഡെക്കറേറ്റ് ചെയ്യാം.

അതിനുശേഷം ഈ കേക്ക് ടിൻ കൊള്ളാവുന്ന ഒരു പാത്രമെടുത്ത് അടുപ്പത്ത് വെച്ച് മൂടിയിട്ട് മീഡിയം തീയിൽ 5 മിനിറ്റ് ചൂടാക്കണം, അഞ്ചു മിനിറ്റിനു ശേഷം അതിനുള്ളിലൊരു തട്ട് വെച്ച് കേക്ക് ടിൻ അതിന്മേൽ വച്ച് പാത്രം മൂടി 15 മിനിറ്റ് തൊട്ടു 20 മിനിറ്റ് നേരം വേവിക്കണം. 15 മിനിറ്റ് കഴിഞ്ഞു ഒരു ടൂത്ത് പിക്ക് വെച്ച് വെന്തുവോ എന്ന് നോക്കുക, എന്നിട്ട് ഇല്ലെങ്കിൽ ഒരു അഞ്ചു മിനിറ്റ് നേരം കൂടി വയ്ക്കാം. ശേഷം അത് പുറത്തേക്കെടുത്തു മാറ്റിവയ്ക്കാം.

ഈ സമയം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു ഒരു കപ്പ് പഞ്ചസാര, ഒന്നര കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഒരു പഞ്ചസാര ലായനി ഉണ്ടാക്കാം, പഞ്ചസാര ഒന്ന് അലിഞ്ഞു കഴിയുമ്പോൾ തന്നെ ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ അതിലേക്കു ഇട്ടു കൊടുക്കണം, അത് എന്തിനാണെന്ന് വെച്ചാൽ പഞ്ചസാര ചൂടാറി കഴിയുമ്പോൾ കട്ടി ആവാതിരിക്കാൻ ആണ്, അതുകൊണ്ട് തന്നെ വളരെ ചെറിയ കഷ്ണം ചെറുനാരങ്ങ ചേർത്താൽ മതിയാകും. പിന്നെ ഈ വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി താല്പര്യമുണ്ടെങ്കിൽ കളറിന് വേണ്ടി ചേർക്കാം.

ശേഷം നല്ലപോലെ തിളച്ചു ബബിൾസ് വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തിട്ട്, ഒരു ഇളം ചൂടാകുമ്പോൾ കേക്കിലേക്ക് ഒഴിച്ച് കൊടുത്ത് ഏകദേശം ഒന്നോ രണ്ടോ മണിക്കൂർ നേരം അങ്ങനെ തന്നെ വെക്കാം. അതിനുശേഷം വേറൊരു പാത്രത്തിലേക്ക് എടുത്തുമാറ്റി മുറിച്ച് സ്വാദിഷ്ടമായ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ റവ പലഹാരം കഴിക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *