ഉരുളക്കിഴങ്ങ് വെച്ചുള്ള ഒരു റോൾ ഉണ്ടാക്കി നമുക്ക് ഇനി വൈകുന്നേരങ്ങൾ അടിപൊളി ആക്കാം, എളുപ്പം

ഉരുളക്കിഴങ്ങ് വെച്ചുള്ള ഒരു റോൾ ഉണ്ടാക്കി നമുക്ക് ഇനി വൈകുന്നേരങ്ങൾ അടിപൊളി ആക്കാം.

ഇതു തയ്യാറാക്കാനായി ഏകദേശം ഒരു കപ്പ് മൈദ മാവ് ഒരു ബൗളിലേക്ക് ഇടാം (പൂരിയുടെ വലുപ്പത്തിൽ ആണ് മാവ് പരത്തുന്നത് ആയതിനാൽ അതിനനുസരിച്ചു വേണമെങ്കിൽ കൂടുതൽ മാവ് എടുക്കാം), ഇതിനു പകരമായി നിങ്ങൾക്ക് വേണമെങ്കിൽ ഗോതമ്പുപൊടിയും എടുക്കാവുന്നതാണ്, ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ ബട്ടർ, പിന്നെ കുഴക്കാൻ പാകത്തിനുള്ള വെള്ളം കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. ചപ്പാത്തി മാവിൻറെ പരുവത്തിൽ വേണം നമ്മൾ കുഴച്ചെടുക്കാൻ അതിനനുസരിച്ച് വെള്ളം ചേർത്തു കൊടുക്കാം (ഒരിക്കലും മാവ് ലൂസ് ആയി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം).

എന്നിട്ട് അത് അവിടെ മാറ്റിവെച്ചു ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒന്നോ രണ്ടോ ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്ത് അത് ചൂടാകുമ്പോൾ രണ്ടു മീഡിയം സൈസ് സവാള അരിഞ്ഞത് ചേർത്ത് കുറച്ച് ഉപ്പു കൂടി ഇട്ട് നല്ലപോലെ വഴറ്റി എടുക്കാം, കുറച്ച് ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് ചെറിയ കഷണം ഇഞ്ചി നുറുക്കിയതും, കറിവേപ്പില അരിഞ്ഞതും കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, പിന്നെ ഒന്നുകൂടി വഴന്നു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ കൂടി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതെല്ലാം നല്ല രീതിയിൽ വഴന്നുവരുമ്പോൾ അതിലേക്ക് രണ്ടു മീഡിയം സൈസ് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർത്ത് കൊടുക്കാം, ശേഷം ഉരുളക്കിഴങ്ങ് മസാലയുമായി ചേർന്ന് യോജിച്ചു ഒന്നായി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്. എന്നിട്ട് ഈ ഫില്ലിങ്സ് തണുക്കാൻ വേണ്ടി മാറ്റി വെക്കാം.

ഈ സമയം മാവ് പൂരിയുടെ വട്ടത്തിൽ നൈസായി പരത്തി അതിൻറെ നടുവിലായി കുറച്ചു ഫില്ലിങ്സ് വച്ച് നാലുഭാഗത്തുനിന്നും മടക്കി അത് തുറന്നു പോകാത്ത രീതിയിൽ സൈഡുകൾ അമർത്തി ഒട്ടിച്ചു എടുക്കണം, ഇതുപോലെ മാവു എല്ലാം ചെയ്തു എടുത്തതിന് ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് മുങ്ങാവുന്ന രീതിയിൽ ഓയിൽ ഒഴിച്ച് ഈ റോൾ അതിൽ ഇട്ടു മീഡിയം ഫ്ലെയിമിൽ തീ ആക്കി രണ്ട് സൈഡും അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ടു ഒരു ചെറിയ ഗോൾഡൻ കളർ ആകുമ്പോൾ തന്നെ എടുത്തു മാറ്റാവുന്നതാണ്. പിന്നീട് നല്ല സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് റോൾ ചായയുടെ കൂടെ ഒക്കെ കൂട്ടിക്കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *