ശർക്കരയും ഗോതമ്പുപൊടിയും വച്ച് ആർക്കും കഴിക്കാവുന്ന രീതിയിൽ അടിപൊളി രുചിയിൽ പ്ലം കേക്ക്

ശർക്കരയും ഗോതമ്പുപൊടിയും വച്ച് ആർക്കും കഴിക്കാവുന്ന രീതിയിൽ അടിപൊളി രുചിയിൽ പ്ലം കേക്ക് തയ്യാറാക്കാം.

ഈ സ്പെഷ്യൽ പ്ലം കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഡ്രൈ ഫ്രൂട്ട്സ് മുക്കി വയ്ക്കേണ്ടതുണ്ട്, നിങ്ങൾക്ക് ഏത് ഡ്രൈഫ്രൂട്ട്സ് വേണമെങ്കിലും എടുക്കാം, അപ്പോൾ ഇതിനായി ഒരു ബൗളിലേക്ക് കാൽകപ്പ് കറുത്ത ഉണക്കമുന്തിരി, കാൽ കപ്പ് കശുവണ്ടി നുറുക്കിയത്, രണ്ട് മൂന്ന് ടേബിൾസ്പൂൺ ചെറി നുറുക്കിയത് ഇട്ടുകൊടുക്കാം, എന്നിട്ട് ഇതെല്ലാം മുങ്ങുന്ന രീതിയിൽ മാത്രം ആപ്പിൾ ജ്യൂസ് ഒഴിച്ച് കൊടുക്കാവുന്നതാണ്, ശേഷം 2 ഗ്രാമ്പു കൂടി ചേർത്തു അതൊന്നു മിക്സ് ചെയ്യാം, ഫ്ലേവർ കിട്ടാൻ വേണ്ടി ആണ് ഗ്രാമ്പൂ ചേർക്കുന്നത്, പിന്നീട് കേക്ക് ഉണ്ടാക്കുമ്പോൾ എടുത്തു കളയാവുന്നതാണ്, അതിനുശേഷം ഇവ രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വെക്കാം.

ഈ സമയം ഒരു ബൗളിലേക്ക് അരിപ്പ വച്ചുകൊടുത്തു അരിപ്പയുടെ ഉള്ളിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് (അങ്ങനെ പൊടി ഇല്ലെങ്കിൽ കറുവപ്പട്ട എടുത്ത് ചെറുതായൊന്ന് ചൂടാക്കി മിക്സിയുടെ ജാറിൽ പൊടിച്ചു എടുത്താൽ മതിയാകും) പിന്നെ കാൽ ടീസ്പൂൺ ഗ്രാമ്പൂ പൊടിച്ചത് (അതും ഇതുപോലെ തന്നെ വറുത്തു പൊടിച്ച് എടുത്താൽ മതിയാകും), പിന്നെ കാൽ ടീസ്പൂൺ ചുക്കുപൊടി ചേർക്കാം, ചുക്കുപൊടി താൽപര്യമില്ലെങ്കിൽ ജാതിക്ക പൊടിച്ചത് ചേർത്താൽ മതി, പിന്നെ അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂണിനെക്കാളും ഒരു നുള്ള് കൂടുതൽ ബേക്കിങ് സോഡ ചേർത്ത് അരിച്ച് ഇവ ബൗളിലേക്ക് ഇട്ടു കൊടുക്കാം, അപ്പോൾ നല്ല നൈസ് ആയിട്ടുള്ള ഇവയുടെ മിക്സ് ബൗളിൽ വീഴും, ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യുകയാണെങ്കിൽ കേക്ക് വളരെയധികം സോഫ്റ്റായി കിട്ടും.

എന്നിട്ട് ഈ പൊടികൾ ഒന്നുകൂടി മിക്സ് ചെയ്തു അതിലേക്ക് രണ്ടു മണിക്കൂർ കുതിരാൻ വേണ്ടി വെച്ച് ഡ്രൈ ഫ്രൂട്ട്സ് ഇട്ടു കൊടുക്കാം, എന്നിട്ട് ഒരു സ്പൂൺ വച്ച് മിക്സ് ചെയ്തു എടുക്കാം, ഈ സമയം ഇട്ടിരുന്ന രണ്ട് ഗ്രാമ്പു എടുത്തു മാറ്റാം. അതിനുശേഷം ബൗൾ മാറ്റിവെച്ച് മറ്റൊരു ബൗളിലേക്ക് കാൽകപ്പ് സൺഫ്ലവർ ഓയിൽ, ഒപ്പം അതിലേയ്ക്ക് അരക്കപ്പ് തൈര് കൂടി ഇട്ടുകൊടുക്കാം, ഇവ ചേരുമ്പോൾ പിരിഞ്ഞ പരുവമായി കിട്ടും, അപ്പോൾ അതിലേക്ക് കാൽ കപ്പ് ശർക്കരപ്പാനി ഒഴിച്ചുകൊടുക്കണം (അതായത് എടുക്കുന്ന ശർക്കരയിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ മാത്രം വെള്ളം ഒഴിച്ച് ചെറുതീയിൽ പാനി തയ്യാറാക്കണം) എന്നിട്ട് അത് അരിച്ച് ഇതിലേക്ക് ഒഴിക്കാം, ശേഷം ഇത് നല്ലപോലെ ബീറ്റ് ചെയ്ത് പേസ്റ്റ് പോലെ ആക്കണം, എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ വാനില എസ്സൻസ് കൂടി ചേർത്ത് മിക്സ് ചെയ്യാം.

എന്നിട്ട് അതിലേക്ക് ഡ്രൈഫ്രൂട്ട്സ് ഇട്ടു മിക്സ് ചെയ്തു വെച്ച പൊടി കുറച്ച് കുറച്ച് ചേർത്ത് പതിയെ ഇളക്കി ബാറ്റർ തയാറാക്കാം, എല്ലാം ഇട്ടു കഴിഞ്ഞാൽ നല്ല കട്ടിയുള്ള കേക്കിന്റെ ബാറ്റർ തയ്യാറായിരിക്കും, പിന്നെ ഇതിലേക്ക് ഏറ്റവും പ്രധാനമായി ചേർക്കേണ്ടത് ഓറഞ്ചിൻറെ തൊലിയാണ്, ഓറഞ്ച് തൊലി എന്ന് പറയുമ്പോൾ അതിൻറെ ഉള്ളിൽ വെള്ളഭാഗം കിട്ടാതെ വളരെ നൈസായി തൊലിയിൽ നിന്ന് ഓറഞ്ച് ഭാഗം മാത്രം അരിഞ്ഞു അര ടീസ്പൂണോളം ഇതിലേക്ക് ഇട്ടു കൊടുക്കണം. ഓറഞ്ച് തൊലിയും, കറുവപ്പട്ടയുടെ പൊടിയും ആണ് പ്ലം കേക്കിന് അതിന്റെ സ്വാദ് കൊണ്ടുവരുന്നത്.

ശേഷം അതും കൂടി ചേർത്ത് മിക്സ് ചെയ്തു കേക്ക് ടിൻ അല്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിൽ മൊത്തം ഓയിൽ തടവി കൊടുക്കാം, എന്നിട്ട് അതിനു മുകളിലായി ഉണ്ടെങ്കിൽ ബട്ടർ പേപ്പർ വച്ചു കൊടുക്കാം, അത് ഇല്ലെങ്കിലും കുഴപ്പമില്ല, എന്നിട്ട് ബാറ്റർ അതിലേക്കു ഒഴിച്ച് സെറ്റ് ചെയ്തു ലെവൽ ആക്കാം,കട്ടിയുള്ള ബാറ്റർ ആയതുകൊണ്ട് എളുപ്പം സെറ്റ് ചെയ്യാൻ സാധിക്കും, എന്നിട്ട് അതിനു മുകളിലായി കശുവണ്ടി വച്ച് ഡെക്കറേറ്റ് ചെയ്യാം.

അതിനുശേഷം ഒരു നല്ല വായ് വട്ടമുള്ള ഒരു ചായ പാത്രം അല്ലെങ്കിൽ അതുപോലെയുള്ള ഒരു പാത്രമെടുത്ത് ആ പാത്രം മൂടിവച്ച് അഞ്ചു മിനിറ്റ് ചെറുതീയിൽ ഒന്നു ചൂടാക്കണം, അഞ്ചു മിനിറ്റിനു ശേഷം തുറന്നു അതിനുള്ളിൽ ഒരു തട്ട് ഇറക്കിവെക്കാം, ഒരു സ്റ്റീൽ ടിന്നിൻറെ മൂടിവെച്ച് കൊടുത്താൽ മതിയാകും, എന്നിട്ട് അതിൽ മേൽ കേക്ക് ടിൻ വച്ച് ചായ പാത്രം മൂടി 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. ഏകദേശം അമ്പത് മിനിറ്റ് തൊട്ട് ഒരു മണിക്കൂറിർ വരെ ഇവ ബേക്ക് ചെയ്യാൻ വേണ്ടി വരും, എന്നാലും നല്ല കറക്റ്റായി കിട്ടുന്നതാണ്. ശേഷം വെന്തു എന്ന് ഉറപ്പാക്കി പുറത്തേക്ക് എടുക്കാം.

അതിനുശേഷം ചൂടാറാൻ വേണ്ടി വച്ച് പിന്നെ പതിയെ ഇവ ഒരു പ്ലേറ്റിലേക്ക് തട്ടി കൊടുക്കാം. അപ്പോൾ നല്ല ഗോതമ്പുപൊടിയും ശർക്കരയും വച്ചിട്ടുള്ള ഏറ്റവും അടിപൊളിയായ കേക്ക് തയ്യാറാകും, ഇത് കഴിച്ചാൽ ഒരിക്കലും ഗോതമ്പുപൊടി വെച്ച് തയ്യാറാക്കിയതാണ് എന്ന് ആരും പറയില്ല.

You may also like...

Leave a Reply

Your email address will not be published. Required fields are marked *