തേങ്ങാപാൽ ചേർത്ത നല്ല കിടിലൻ മീൻ കറി, ഊണിനു ഇത് മാത്രം മതി

നല്ല ടേസ്റ്റുള്ള മീൻ കറി ഉണ്ടെങ്കിൽ ചോറുണ്ണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്നത് തേങ്ങാപാൽ ചേർത്ത മീൻ കറിയാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

അതിനായി അര കിലോ നെയ്മീൻ മുറിച്ച് കഴുകി വൃത്തിയാക്കി വെയ്ക്കുക. അടുപ്പിൽ ഒരു മൺചട്ടി വെച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അത് ചൂടായാൽ അര ടീസ്പൂൺ ഉലുവ ഇടുക. ചെറിയ കഷണം ഇഞ്ചി അരിഞ്ഞതും 7 അല്ലി വെളുത്തുള്ളിയും ചെറുതായി മുറിച്ചതും ഇട്ട് വഴറ്റണം. കൂടാതെ 10 ചെറിയ ഉള്ളി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഇനി 3 പച്ചമുളക് നീളത്തിൽ അരിഞ്ഞത് ഇട്ട് വാട്ടണം. ഇത് വാടി വന്നാൽ ലോ ഫ്ലേയ്മിലാക്കാം.

ഇനി പൊടികൾ ഇടാം. 1 ടീസ്പൂൺ മല്ലിപ്പൊടിയും 2 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് ഇളക്കുക. എന്നിട്ട് പഴുത്ത 1 തക്കാളി മുറിച്ചത് ഇട്ട് വഴറ്റണം. അത് ഉടഞ്ഞ് വരുമ്പോൾ 3 കഷണം കുടം പുളി കഴുകി വെള്ളത്തിൽ കുതിർത്തത് ചേർക്കണം. കുടംപുളി ഇല്ലെങ്കിൽ വാളൻ പുളിയും ചേർക്കാം.

ഇനി രണ്ടര കപ്പ് തേങ്ങ ചിരകിയത് എടുത്ത് പിഴിഞ്ഞതിന്റെ രണ്ടാം പാൽ എടുക്കുക. ഒന്നര കപ്പ് രണ്ടാം പാൽ വേണം. അതൊഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് മീഡിയം ഫ്ലയ്മിൽ വെച്ച് തിളയ്ക്കാൻ വെയ്ക്കണം. ഇനി മീൻ കഷണങ്ങൾ ഇടാം. മീനിട്ടാൽ ലോ ഫ്ലേയ്മിലാക്കാം.എന്നിട്ട് ചെറുതായി തവി കൊണ്ട് മിക്സ് ചെയ്യാം. ഇനി അടച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് മൂടി മാറ്റി ചട്ടി ചുറ്റിക്കാം. ഒരു 20 മിനിട്ട് കഴിഞ്ഞാൽ 1 കപ്പ് ഒന്നാം പാൽ ചേർക്കാം. ഒന്നാം പാൽ ചേർത്താൽ പിന്നെ ഒന്നു തിളച്ച ഉടനെ കറിവേപ്പില ഇട്ട് വാങ്ങി വെയ്ക്കാം.

Thanath Ruchi

Similar Posts