മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇനി ഇതുപോലെ ചെയ്യാം
മീന്‍ പൊരിച്ചത് ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല.കറി വെച്ച കഷണം കഴിക്കുന്നതിനേക്കാള്‍ ഫ്രൈ ചെയ്ത് കഴിക്കുന്നതായിരിക്കും കുട്ടികള്‍ക്കൊക്കെ ഇഷ്ടം.ഇവിടെ ഇതാ തികച്ചും വ്യത്യസ്തമായി മീന്‍ പൊരിക്കുന്നതിന്‍റെ റെസിപ്പിയാണ് പറയുന്നത്.
ഫ്രൈ ചെയ്യാന്‍ അര കിലോ നെയ്മീന്‍ മുറിച്ച് കഴുകി വൃത്തിയാക്കി വെയ്ക്കുക.ദശ കട്ടിയുള്ള ഏത് മീന്‍ വേണമെങ്കിലും ഫ്രൈ ചെയ്യാനെടുക്കാം.ആദ്യം അതിനുള്ള മസാല തയ്യാറാക്കാം.അതിനായി മിക്സിയുട ചെറിയ ജാറില്‍ 3 ടീസ്പൂണ്‍ വെളുത്തുളളിയും 2 ചെറിയ കഷണം ഇഞ്ചിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഇടുക.പിന്നെ 3 ടീസ്പൂണ്‍ കാശ്മീരി മുളക്പൊടിയും ഇതിലെ പ്രധാന ചേരുവയായ അര ടീസ്പൂണ്‍ പെരിം ജീരകവും ആവശ്യത്തിന് ഉപ്പും 1 ചെറുനാരങ്ങനീരും കൂടി ഫൈനായി അരച്ചെടുക്കുക.
ഇനി ഈ മസാല മീനില്‍ പുരട്ടാം.എന്നിട്ട് ഉപ്പുണ്ടോ എന്ന് നോക്കാം.ഇത് 1 മണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ വെയ്ക്കാം.അപ്പോഴേക്കും മീനില്‍ മസാല പിടിച്ചിട്ടുണ്ടാവും.ഇനി ഒരു ഫ്രൈ പാന്‍ വെച്ച് അതില്‍ ഫ്രൈ ചെയ്യാനാവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.മീന്‍ എപ്പോഴും വെളിച്ചെണ്ണയില്‍ പൊരിക്കുമ്പോഴാണ് ടേസ്റ്റുണ്ടാവുക. അത് തിളച്ചാല്‍ കുറച്ച് കറിവേപ്പില ഇട്ട് മസാല പുരട്ടിയ മീന്‍ ഓരോന്നായി ഇടാം.ലോ ഫ്ളേയ്മില്‍ വെച്ച് ഫ്രൈ ചെയ്യാം.ഒരു ഭാഗം വെന്താല്‍ തിരിച്ചിട്ട് ഫ്രൈ ചെയ്യാം.ഇനി ഗ്യാസ് ഓഫ് ചെയ്യാം. അപ്പോഴേക്കും പെരിംജീരകത്തിന്‍റെയൊക്കെ നല്ല മണം വന്നിട്ടുണ്ടാകും.
