ഓവനും ബീറ്ററും ഒന്നുമില്ലാതെ പഞ്ഞി പോലെ ഒരു സ്പോഞ്ച് കേക്ക്
കേക്കുണ്ടാക്കാൻ ഒരുപാട് സാധനങ്ങൾ വേണ്ടതു കൊണ്ടും സമയക്കൂടുതൽ വേണ്ടതിനാലും പലർക്കും മടിയാണ്. എന്നാൽ ഇതാ സിമ്പിളായി എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കേക്കിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ഓവനും ബീറ്ററും മുട്ടയും മിക്സിയും മെഷർമെന്റ് കപ്പും ഒന്നും ഇല്ലാതെ ഇത് എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
ഇവിടെ ഒരു സ്ട്രെയിറ്റായിട്ടുള്ള ഗ്ലാസിന്റെ അളവിലാണ് സാധനങ്ങൾ എടുക്കുന്നത്. ഒരു പാത്രത്തിൽ ഒരു ഗ്ലാസ് മൈദപ്പൊടിയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും അര ടീസ്പൂൺ ബേക്കിംഗ് സോഡയും കാൽ ടീസ്പൂൺ ഉപ്പും മിക്സാക്കി അരിപ്പയിൽ അരിച്ചെടുക്കുക. 2 പ്രാവശ്യം അരിച്ചാൽ മാതമേ കേക്ക് സോഫ്റ്റാവുകയുള്ളൂ.
ഒരു പാത്രത്തിൽ കാൽ ഗ്ലാസ് തൈരും കാൽ ഗ്ലാസ് സൺഫ്ലവർ ഓയിലും ഒഴിക്കുക. പിന്നെ 1 ടീസ്പൂൺ വാനില എസെൻസും ഇട്ട് നന്നായി ഇളക്കുക. ഇനി മുക്കാൽ ഗ്ലാസ് പഞ്ചസാര പൊടിച്ചത് കുറേശ്ശെയായി ചേർത്ത് മിക്സാക്കുക. പിന്നെ കാൽ ഗ്ലാസ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക.
ഇനി അരിച്ച് വെച്ച മൈദപ്പൊടി കുറേശ്ശെയായി ചേർക്കാം. ബാറ്റർ നല്ല കട്ടിയായിട്ടാണ് ഉള്ളതെങ്കിൽ 2 ടേബിൾ സ്പൂൺ പാൽ ഒഴിച്ച് ലൂസാക്കാം. ഇനി കേക്ക് സെറ്റ് ചെയ്യാൻ 6 ഇഞ്ചിന്റെ ടിൻ ഉണ്ടെങ്കിൽ അതെടുത്ത് അതിൽ നെയ് പുരട്ടി ബട്ടർ പേപ്പർ വെയ്ക്കുക. ഇനി ബാറ്റർ അതിൽ ഒഴിക്കാം. അതിൽ നിറയെ ഒഴിക്കരുത്, കേക്ക് പൊങ്ങി വരേണ്ടതാണ്. ബാറ്റർ ഒഴിച്ചതിന് ശേഷം ടിൻ ഒന്നു ടാപ് ചെയ്താൽ മതി.
കുക്കറിലാണ് വേവിക്കുന്നതെങ്കിൽ ആദ്യം അതിന്റെ വിസിലും വാഷറും മാറ്റി വെയ്ക്കുക. അതിൽ ഒരു തട്ട് വെച്ച് 5 മിനിട്ട് ഹൈ ഫ്ലേയ്മിൽ വെയ്ക്കുക. കുക്കറിന്റെ ഉള്ളിൽ തട്ടിൽ കേക്ക് ടിൻ വെച്ച് ആദ്യം 5 മിനിട്ട് ഹൈ ഫ്ലയ്മിൽ വെയ്ക്കുക. ശേഷം 5 മിനിട്ട് മീഡിയം ഫ്ലേയ്മിലും ബാക്കി ലോ ഫ്ലയ്മിൽ വേവിക്കാം. അര മണിക്കൂർ കൊണ്ട് വെന്തു കൊള്ളും. 25 മിനിട്ട് കഴിഞ്ഞാൽ ഒരു സ്ക്യൂവർ എടുത്ത് കുത്തി വെന്തോ എന്ന് നോക്കാം. വെന്താൽ ഗ്യാസ് ഓഫാക്കി പുറത്തെടുത്ത് വെയ്ക്കാം. തണുത്താൽ സൈഡ് കത്തി കൊണ്ട് വിടുവിച്ച് ഇളക്കി ഒരു പ്ലേറ്റിലേക്ക് മാറ്റാം. എന്നിട്ട് ബട്ടർ പേപ്പർ മാറ്റാം. ഇനി മുറിച്ചെടുത്ത് കഴിക്കാം. അങ്ങനെ സ്പോഞ്ച് പോലുള്ള കേക്ക് റെഡിയായി.
