കയ്പ്പില്ലാത്ത പാവയ്ക്ക തീയൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

പാവയ്ക്ക എന്നു കേട്ടാൽ ആദ്യം നമുക്ക് ഓർമ്മ വരുന്നത് അതിന്റെ കയ്പ്പു തന്നെയാണ്. കയ്പ്പുണ്ടെങ്കിലും നിരവധി ഗുണങ്ങൾ ഇവക്കുണ്ട്. പാവയ്ക്ക കൊണ്ട് അച്ചാറും ജ്യൂസും ഒക്കെ ഉണ്ടാക്കുന്നതിന് പുറമെ പല വിഭവങ്ങളും ഉണ്ടാക്കും. ഇന്നിവിടെ കയ്പ്പില്ലാതെ നാടൻ രീതിയിൽ പാവയ്ക്ക തീയൽ ഉണ്ടാക്കുന്നതിന്റെ റെസിപ്പി ആണ് പറയുന്നത്. പാവയ്ക്ക കഴിക്കാത്ത കുട്ടികൾ പോലും ഇത് തീർച്ചയായും ഇഷ്ടപ്പെടും.

അതിനായി 2 പാവയ്ക്ക കഴുകി വെയ്ക്കുക. അതിന്റെ തണ്ട് കളഞ്ഞ് 3 കഷണമാക്കി മുറിക്കുക. എന്നിട്ട് ഉള്ളിലെ കുരു ഒക്കെ മാറ്റി നീളത്തിൽ മുറിക്കുക. ഇനി കുറച്ച് തേങ്ങാകൊത്ത് കൂടി മുറിച്ചിടുകയും 3 പച്ചമുളക് 2 കഷണമാക്കി മുറിക്കാം. ഇനി വലിയ തേങ്ങ ചിരകിയത് വേണം. പിന്നെ 1 ടീസ്പൂൺ കുരുമുളകും കുറച്ച് കറിവേപ്പിലയും 10 – 20 ചുവന്നുള്ളിയും എടുക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞിടണം. ഇതെല്ലാം ലോ ഫ്ലയ്മിലാക്കി ഒന്നു വറുത്തെടുക്കണം. ബ്രൗൺ നിറമാവാറാകുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും 3 ടീസ്പൂൺ മുളക്പൊടിയും 2 ടീസ്പൂൺ മല്ലിപ്പൊടിയും ഇട്ട് വറുക്കുക. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം. ഇത് തണുത്താൽ ജറിലിട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

ഇനി ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള വാളൻ പുളി കഴുകി വെളളത്തിൽ കുതിർക്കാൻ വെയ്ക്കണം. എന്നിട്ട് ഒരു ചട്ടി അടുപ്പിൽ വെച്ച് കുറച്ച് വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1 ടീസ്പൂൺ കടുക് ഇടാം. കടുക് പൊട്ടിയാൽ വറ്റൽ മുളക് മുറിച്ച് ഇടാം. ഇനി പാവയ്ക്കയും ചെറിയ ഉള്ളിയും ആവശ്യത്തിന് ഉപ്പും ഇട്ട് വെള്ളം ചേർക്കാതെ ലോ ഫ്ലയ്മിൽ അടച്ച് വെയ്ക്കാം. കുറച്ച് കഴിഞ്ഞ് പുളി പിഴിഞ്ഞ് വെള്ളം മാത്രം ചേർക്കാം. എന്നിട്ട് അടച്ച് വെച്ച് വേവിക്കാം. ഇങ്ങനെ പുളി വെള്ളത്തിൽ തിളപ്പിച്ചാൽ പാവയ്ക്കയുടെ കയ്പ്പ് മാറും.

വേറെ വെള്ളമൊന്നും ഇതിൽ ചേർക്കേണ്ട ആവശ്യമില്ല. ഇനി അരപ്പ് ഒഴിച്ച് തിളയ്ക്കുമ്പോൾ ഉപ്പ് നോക്കിയിട്ട് വേണമെങ്കിൽ ചേർക്കാം. എന്നിട്ട് കുറച്ച് സമയം കൂടി അടച്ച് വെയ്ക്കാം. എന്നിട്ട് ഗ്യാസ് ഓഫ് ചെയ്യാം.

Thanath Ruchi

Similar Posts