കിടിലൻ രുചിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം
ചെമ്മീൻ ഇഷ്ടപ്പെടാത്തവർ വളര ചുരുക്കമായിരിക്കും. എളുപ്പത്തിലും രുചിയിലും ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്.
അതിനായി അര കിലോ ചെമ്മീൻ മുറിച്ച് കഴുകി വൃത്തിയാക്കി വെയ്ക്കുക. എന്നിട്ട് അതിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും 1 ടീസ്പൂൺ മുളക്പൊടിയും 1 ടീസ്പൂൺ ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സാക്കി വെയ്ക്കുക. അ ര മണിക്കൂർ ഇത് റെസ്റ്റ് ചെയ്യാൻ വെയ്ക്കണം. ഇനി ഇത് ഫ്രൈ ചെയ്യണം. ഒരു ചീനച്ചട്ടിയിൽ കാൽ കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ഇട്ട് മീഡിയം ഫ്ലേയ്മിൽ വെയ്ക്കണം. ഒരു ഭാഗം വെന്താൽ തിരിച്ചിടാം. അതും ഫ്രൈ ആയാൽ കോരി മാറ്റാം.
ചെമ്മീൻ ഫ്രൈ ചെയ്ത എണ്ണയിൽ 2 സവാള നീളത്തിൽ അരിഞ്ഞത് ഇടുക. ചെറുതായി അരിഞ്ഞ ഇഞ്ചിയും 10 വെളുത്തുള്ളിയും 4 പച്ചമുളക് നീളത്തിൽ മുറിച്ചതും അര ടീസ്പൂൺ ഉപ്പും ഇടുക. എന്നിട്ട് വഴറ്റുക. ഇത് 4 മിനിട്ടോളം മീഡിയം ഫ്ലേയ്മിൽ വെച്ച് ഇളക്കുക. എന്നിട്ട് 2 തക്കാളി നീളത്തിൽ മുറിച്ചതും ചേർക്കുക. അതും വഴറ്റി ഉടഞ്ഞ് വന്നാൽ വാങ്ങി വെയ്ക്കാം. അത് തണുത്താൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഇനി ഒരു പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 ഗ്രാമ്പൂവും 2 ഏലക്കായും ചെറിയ കഷണം കറുവപട്ടയും ഇട്ട് ഇളക്കുക. എന്നിട്ട് അതിലേക്ക് അരച്ച് വെച്ച മസാലയുടെ മിശ്രിതം ചേർക്കാം. അതിൽ ഇനി പൊടികൾ ചേർക്കാം. 1 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും 1 ടേബിൾ സ്പൂൺ സാധാരണ മുളക് പൊടിയും 1 ടേബിൾ സ്പൂൺ മല്ലിപ്പൊടിയും 1 ടേബിൾ സ്പൂൺ പെരിം ജീരകം പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. 2 മിനിട്ടോളം ഇളക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ചെമ്മീൻ ഇട്ട് മിക്സാക്കുക.
മസാല അരച്ച ജാറിൽ അര മുതൽ ഒരു കപ്പ് വെള്ളം വരെ ചേർത്ത് അതിലേക്ക് ഒഴിക്കാം. എന്നിട്ട് തിളപ്പിക്കാം. 2 തണ്ട് കറിവേപ്പിലയും ഇട്ട് അര ടീസ്പൂൺ ഗരംമസാലയും അര ടീസ്പൂൺ. കുരുമുളകും ഇട്ട് മിക്സാക്കുക. ഇനി തിളച്ച് വെള്ളം വറ്റിയാൽ ഉപ്പുണ്ടോ നോക്കിയിട്ട് ചേർക്കാം. എന്നിട്ട് ഗ്യാസ് ഓഫാക്കാം. ഇത് 3 മിനിട്ട് അടച്ച് വെച്ച് ഉപയോഗിച്ചാൽ മതി.
