വ്യത്യസ്ത രുചിയിൽ ദോശയ്ക്കും, ഇഡ്ലിക്കും തനി നാടൻ ചട്ണി
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചട്ണി, ഏത് കറി ഉണ്ടാക്കിയാലും ദോശയ്ക്കും ഇഡ്ഡലിക്കും ചട്ണി തന്നെയാണ് രുചി ഉണ്ടാവുക. തികച്ചും വെറൈറ്റി ആയി ഉണ്ടാക്കുന്ന ഈ ചട്ണി എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
ഉണക്ക മുളക് വറുത്തരച്ചാണ് ഈ ചട്ണി ഉണ്ടാക്കുന്നത്. അതിന് ഒരു പാൻ ചൂടാക്കി അതിൽ കുറച്ച് ഉണക്കമുളക് ഇടുക. വേണമെങ്കിൽ അതിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് മീഡിയം ഫ്ലേയ്മിൽ വറുക്കുക. അപ്പോൾ നല്ല രുചിയുണ്ടാവുകയും ചെയ്യും. ഇനി അത് തണുക്കാനായി ഒരു വശത്തേക്ക് മാറ്റാം. ഇനി മിക്സിയുടെ ജാറിൽ അര മുറി തേങ്ങ ചിരകിയത് ഇടുക. വറുത്ത് വെച്ച മുളകും കുറച്ച് പുളിയും ആവശ്യമായ ഉപ്പും ചേർത്ത് അരച്ചെടുക്കുക.
ഇനി ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയാൽ 5 ചെറിയ ഉള്ളി അരിഞ്ഞത് ഇടണം. എന്നിട്ട് ഇളക്കുക. കുറച്ച് കറിവേപ്പിലയും ഇടുക. അതിലേക്ക് തേങ്ങ അരച്ചത് ചേർക്കണം. ഫ്ലയിം ഓണായിട്ടുള്ള സമയത്ത് ഇതിൽ വെള്ളം ഒഴിച്ചാൽ പിരിഞ്ഞ് പോകും. അതുകൊണ്ട് ആദ്യം തന്നെ തേങ്ങ അരച്ച ജാറിൽ വെള്ളം ഒഴിച്ച് അതിൽ ഒഴിച്ചാൽ മതി. ഉപ്പ് വേണമെങ്കിൽ നോക്കിയിട്ട് ചേർക്കാം. എന്നിട്ട് ഇളക്കി വാങ്ങി വെയ്ക്കാം.
