ഇനി പുതിയ രുചിയില്‍ കോവക്ക റോസ്റ്റ്, പാത്രം കാലിയാവുന്നതറിയില്ല
കോവക്ക ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.കോവക്ക നിത്യവും കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.ഇത് പച്ചക്ക് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.കോവക്ക റോസ്റ്റ് ഉണ്ടാക്കുന്നതിന്‍റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. മധുരവും എരിവും പുളിയും ഒക്കെ ചേർന്ന് നല്ല രുചിയാണിതിന്. ഇതെങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.
അതിനായി കാൽ കിലോ കോവക്ക നന്നായി കഴുകിയെടുക്കുക. അത് വട്ടത്തിൽ മുറിക്കാതെ ചരിച്ച് കട്ടികൂട്ടി നീളത്തിൽ മുറിക്കണം. അപ്പോൾ വേഗം വെന്തു കിട്ടും. ഇനി ഒരു മൺചട്ടിയോ പാനോ എടുത്ത് ആവശ്യമുള്ള ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 7 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇടാം. പിന്നെ 3 വറ്റൽമുളക് മുഴുവനായോ ചെറുതാക്കിയോ ഇടാം. 1 മിനിമം വലിപ്പമുള്ള സവാള മുറിച്ചത് ഇടാം. എന്നിട്ട് നന്നായി വഴറ്റുക.
ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് കറിവേപ്പിലയും ചേർത്ത് ഇളക്കി കോവക്ക ഇട്ട് അടച്ച് വെച്ച് വേവിക്കണം. ലോ ഫ്ലയ്മിൽ വെച്ച് 5 മിനിട്ട് കഴിഞ്ഞാൽ ഒരു ചെറിയ കഷണം ശർക്കര ഇട്ട് വീണ്ടും മൂടി വെയ്ക്കാം. ഇനി 5 മിനിട്ട് കഴിഞ്ഞാൽ ശർക്കര ഉരുകിയിട്ടുണ്ടാകും. ഈ സമയം മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അടച്ച് വെച്ച് വേവിക്കാം.
വെള്ളം വറ്റി വരുമ്പോൾ പൊടികൾ ഇടാം. കളറിനു വേണ്ടി ഒന്നേ കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ നല്ല ജീരകം പൊടിച്ചതും കാൽ ടീസ്പൂൺ ഗരം മസാലയും ഇടാം. എന്നിട്ട് പൊടികളുടെ പച്ചമണം മാറുന്നതു വരെ ഇളക്കി 2 തക്കാളി മുറിച്ചത് ഇടാം. ലോ ഫ്ലെയ്മിലാക്കി മൂടി വെയ്ക്കാം.
തക്കാളി ഉടഞ്ഞ് വരുന്നതു വരെ 8 മിനിട്ട് വെയ്ക്കണം. ഇടയ്ക്ക് ഇളക്കി കൊടുത്താൽ മതി. കുറച്ച് ലൂസായിട്ടാണിത് വേണ്ടതെങ്കിൽ അപ്പോൾ തന്നെ വാങ്ങി വെയ്ക്കാം. ഡ്രൈ ആവണമെങ്കിൽ കുറച്ച് നേരം കൂടി വെയ്ക്കാം. ഈ സമയം ഉപ്പും എരിവും പുളിയുമൊക്കെ നോക്കാം. പുളി കൂടുതലാണെങ്കിൽ കുറച്ച് ശർക്കരയും എരിവില്ലെങ്കിൽ 1 പച്ചമുളക് ചേർത്താലും മതി.
