അടിപൊളി ടേസ്റ്റില്‍ വെറൈറ്റിയായി നെല്ലിക്ക ചമ്മന്തി
നെല്ലിക്കയുടെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്.ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷിക്ക് വേണ്ടി നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനൊക്കെ നെല്ലിക്ക സഹായിക്കുന്നു.ഹെല്‍ത്തിയായ നെല്ലിക്ക ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ പറയുന്നത്.
നെല്ലിക്ക വേവിച്ചതിനു ശേഷമാണ് ഇവിടെ ചമ്മന്തി ഉണ്ടാക്കുന്നത്.ആദ്യം അര കിലോ നെല്ലിക്ക കേടുള്ള ഭാഗമൊക്കെ മുറിച്ച് നന്നായി കഴുകിയെടുക്കുക.ഇനി വലിയൊരു പാത്രത്തില്‍ വെളളം എടുത്ത് 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഉപ്പും ഇട്ട് തിളപ്പിക്കാന്‍ വെയ്ക്കുക.അത്ല്‍ നെല്ലിക്ക ഇടുക.3 മിനിട്ട് വെച്ചാല്‍ തന്നെ അത് വെന്തുവരും.അപ്പോള്‍ നെല്ലിക്ക പൊട്ടി വരികയും ചെയ്യും.ഇത് വേഗം മുറിക്കാനും പറ്റും. ഇങ്ങനെയല്ലാതെ ആവിക്ക് വെച്ചും നെല്ലിക്ക വേവിക്കാം.നെല്ലിക്ക ഇങ്ങനെ വേവിച്ച് വെച്ച് ഉപയോഗിക്കുമ്പോള്‍ കുറച്ച് നാള്‍ കേടുകൂടാതെ സൂക്ഷിക്കാനും പറ്റും.എയര്‍ ടൈറ്റുള്ള ഗ്ളാസില്‍ ഇട്ട് സൂക്ഷിക്കാം.
ഇനി വേവിച്ച് വെച്ച നെല്ലിക്ക തണുത്താല്‍ അതില്‍ നിന്ന് 5 വലിയ നെല്ലിക്ക എടുത്ത് കുരു മാറ്റി മുറിച്ചെടുക്കുക.കുറച്ച് ചമ്മന്തി മാത്രമാണ് ഉണ്ടാക്കുന്നതെങ്കില്‍ അത് മതിയാകും.ഇനി വേണ്ടത് 15 ചെറിയ ഉള്ളിയും 5 പച്ചമുളകും കുറച്ച് കറിവേപ്പിലയും ഉപ്പും വെളിച്ചെണ്ണയുമാണ്.
ഇനി ഇതെല്ലാം ഓരോന്നായി ചതച്ചെടുക്കണം.ചതയ്ക്കാന്‍ കരിങ്കല്ലിന്‍റെ ചെറിയ ഉരലോ അല്ലെങ്കില്‍ അമ്മി ഉണ്ടെങ്കില്‍ അമ്മിയിലിട്ട് ചതച്ചെടുത്താല്‍ മതി.അതായിരിക്കും കൂടുതല്‍ രുചിയും ഉണ്ടാവുക.ആദ്യം നെല്ലിക്ക ചതയ്ക്കുക.അതൊരു പ്ളേറ്റിലേക്കിടുക.പിന്നെ ചെറിയ ഉള്ളിയും പച്ചമുളകും ചതച്ച് കറിവേപ്പില ചതയ്ക്കാം.അതും പളേറ്റിലേക്കിട്ട് ഉ്പ്പ് നെല്ലിക്കയില്‍ നേരത്തെ ഇട്ടതിനാല്‍ നോക്കിയിട്ട് ഇട്ടാല്‍ മതി.പിന്നെ ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് എല്ലാം കൂടി മിക്സ് ചെയ്യാം. അങ്ങനെ അടിപൊളി നെല്ലിക്ക ചമ്മന്തി റെഡിയായി.
