തനി നാടൻ രുചിയിൽ പഞ്ഞി പോലുള്ള ഉണ്ണിയപ്പം
വളരെ ടേസ്റ്റോടു കൂടിയും പഞ്ഞി പോലുള്ള അപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ബേക്കിംഗ് സോഡയൊന്നും ചേർക്കാതെ നാടൻ രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അതിനായി ഒന്നര കപ്പ് ഇഡ്ഡലി റൈസ് എടുക്കുക. അത് നന്നായി കഴുകി നാലര മണിക്കൂറെങ്കിലും കുതിർക്കാൻ വെയ്ക്കണം. കുതിർന്നാൽ അതിലെ വെള്ളം നല്ല പോലെ കളഞ്ഞ് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം.
ഇനി മധുരത്തിനായി ഒരു പാത്രത്തിൽ 250 ഗ്രാം ശർക്കര ഇട്ട് അരക്കപ്പ് വെള്ളവും ഒഴിച്ച് ഉരുക്കാൻ വെയ്ക്കണം.എന്നിട്ട് അത് അരിക്കുക. ഇനി ചൂടാറാൻ വെയ്ക്കുക. ശർക്കര ലായനി അരിപ്പൊടിയിൽ ഒഴിച്ച് അരയ്ക്കുക.
ഇനി നന്നായി പഴുത്ത 3 ചെറിയ പാളയംകോടൻ പഴം തൊലി കളഞ്ഞ് ഈ മിക്സിൽ ഇട്ട് അരച്ചെടുക്കണം. ഇത് ഫൈനായി അരയാതെ തരി പോലെ അരഞ്ഞാൽ മതി. പാളയംകോടൻ പഴം ചേർത്താൽ മാത്രമേ ഈ അപ്പത്തിന് നല്ല ടേസ്റ്റുണ്ടാവുകയുള്ളൂ. കൂട്ട് നല്ല കട്ടിയാണെങ്കിൽ കുറച്ച് വെളളം ഒഴിച്ച് മിക്സ് ചെയ്യാം.
ഇനി ഒരു പാനിൽ 1 ടീസ്പൂൺ നെയ് ഒഴിച്ച് ചൂടായാൽ കുറച്ച് തേങ്ങാ കൊത്ത് ഇടാം. ലോ ഫ്ലേയ്മിൽ വെച്ച് അതിളക്കി ബ്രൗൺ നിറമാകുമ്പോൾ കാൽ ടീസ്പൂൺ കറുത്ത എള്ള് ഇടാം. അത് നെയ്യോടു കൂടി മിക്സിലേക്ക് ചേർക്കാം.
ഇനി ഒരു മണത്തിന് വേണ്ടി അര ടീസ്പൂൺ ഏലക്കായ പൊടിച്ചതും ഇനി നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ 3 നുള്ള് ജീരകം പൊടിയും 3 നുള്ള് ഇഞ്ചിപ്പൊടിയും ചേർക്കാം. എന്നിട്ട് ഒരു നുള്ള് ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം. ഇനി അത് കവർ ചെയ്ത് 8 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെയ്ക്കാം. തണുപ്പുകാലമൊക്കെയാണെങ്കിൽ 10 മണിക്കൂർ ഒക്കെ വെയ്ക്കേണ്ടി വരും. എന്നാൽ മാത്രമേ അപ്പം സോഫ്റ്റായി കിട്ടുകയുള്ളൂ.
ഇനി ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് അപ്പം ചുടാനാവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക. അത് തിളച്ചാൽ കുഴിയിൽ കൂട്ട് ഒഴിക്കുക. എന്നിട്ട് മീഡിയം ഫ്ലേയ്മിലാക്കി രണ്ട് ഭാഗവും വേവിക്കണം. ഗോൾഡൻ നിറമാകുമ്പോൾ കോരിയെടുക്കാം. ഇതു പോലെ എല്ലാം ചുട്ടെടുക്കാം.
