നാടൻ രുചിയിൽ നല്ല കൊഴുത്ത ചാറോടുകൂടിയ മീൻ മുളകിട്ടത്
മുളകിട്ട മീൻ കറി എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ വെള്ളമൂറും. നല്ല ചൂടിന്റെ ചോറിന്റെ കൂടെയും കപ്പയുടെ കൂടെയുമൊക്കെ മുളകിട്ടതുണ്ടെങ്കിൽ പിന്നെ വേറൊന്നും തന്നെ വേണ്ടി വരില്ല. നാടൻ രുചിയിൽ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആദ്യം മീൻ മുറിച്ച് നന്നായി കഴുകി വൃത്തിയാക്കി വെയ്ക്കുക. ഇതിനായി ഏത് മീൻ വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. ഇവിടെ അയലയാണ് എടുക്കുന്നത്. എന്നിട്ട് മഞ്ഞൾപ്പൊടിയും മുളക്പൊടിയും ഉപ്പും പുരട്ടി കുറച്ച് നേരം മസാല പിടിപ്പിക്കാൻ വെയ്ക്കുക.
ഇനി ഒരു ചട്ടി അടുപ്പത്ത് വെച്ച് അതിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അത് ചൂടായാൽ അരടീസ്പൂൺ കടുക് ഇടണം. കടുക് പൊട്ടുമ്പോൾ അര ടീസ്പൂൺ ഉലുവ ഇടാം. ഉലുവയുടെ നിറം മാറുമ്പോൾ ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ഇടണം.എന്നിട്ട് ഇളക്കുക. ഇനി 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇടണം. എന്നിട്ട് വഴറ്റുക. ഇനി 4 പച്ചമുളക് നീളത്തിൽ മുറിച്ചതും 8 ചെറിയ ഉള്ളി ചെറുതായി മുറിച്ചതും ഇടണം. എന്നിട്ട് കുറച്ച് കറിവേപ്പിലയും ഇട്ട് വഴറ്റുക.
ലോ ഫ്ലയ്മിൽ വെച്ച് ഇളക്കണം. അത് കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം ചെറുതായി ബ്രൗൺ നിറമാകുന്നതു വരെ ഇളക്കുക. ഇനി മസാലപ്പൊടികൾ ചേർക്കണം. അത് നേരിട്ട് ചേർക്കാതെ മിക്സാക്കി ചേർക്കാം.
അതിനായി ഒരു ചെറിയ ബൗളിൽ 2 ടീസ്പൂൺ എരിവുള്ള മുളക്പൊടിയും കളറിന് വേണ്ടി 1 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും കാൽ ടീസ്പൂൺ മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് വെള്ളവും ചേർത്ത് മിക്സാക്കുക. എന്നിട്ട് ചട്ടയിൽ ഇടാം. അത് നന്നായി ഇളക്കുക അതിന്റെ പച്ചമണം മാറിയാൽ അധികം പുളിയില്ലാത്ത തക്കാളി അരിഞ്ഞത് ചേർക്കാം. കൂടാതെ കുറച്ച് പുളി കഴുകി വെള്ളത്തിൽ കുതിർത്തത് പുളിയോടു കൂടി ചേർക്കണം. പിന്നെ കുറച്ച് ചൂട് വെള്ളം ഒഴിക്കണം. ഇത് തിളച്ച് തക്കാളി ഉടഞ്ഞ് വരുമ്പോൾ മസാല പിടിപ്പിച്ച മീൻ ചേർക്കാം.
ഇനി ഇത് മൂടി അടച്ച് 3 മിനിട്ട് വേവിക്കാൻ വെയ്ക്കണം. വീണ്ടും 10 മിനിട്ട് കഴിഞ്ഞ് മീൻ വെന്ത് കഴിഞ്ഞാൽ ഉപ്പുണ്ടോ എന്നു നോക്കാം. എന്നിട്ട് കറി കുറുകി വന്നാൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ചട്ടി ഒന്നു ചുറ്റിച്ച് വാങ്ങി വെയ്ക്കാം. ഈ മുളകിട്ട മീൻ കറി തലേന്നുണ്ടാക്കി പിറ്റേന്ന് കഴിക്കാൻ വരെ വളരെ രുചിയായിരിക്കും.
