അടിപൊളി ടേസ്റ്റിൽ ബീഫ് കൊണ്ടാട്ടം തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
ബീഫ് കൊണ്ടാട്ടം എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു അടിപൊളി ടേസ്റ്റ് ഉള്ള വിഭവം ആണ്. തയ്യാറാക്കി എടുക്കാൻ കുറച്ചു സമയം എടുത്താലും അതിന്റെ റിസൾട്ട് അടിപൊളി ആണെങ്കിൽ പിന്നെ എന്തിനാ സംശയിക്കുന്നത്…? അപ്പോൾ എങ്ങനെ ആണ് ബീഫ് കൊണ്ടാട്ടം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം അര കിലോ ബീഫ് നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി വേവിച്ചു മാറ്റിയ ബീഫിലേക്ക് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു മുട്ട, ഒരു സ്പൂൺ കുരുമുളക്പൊടി, രണ്ടു സ്പൂൺ മൈദ, രണ്ടു സ്പൂൺ കോൺ ഫ്ലോർ, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് രണ്ടു സ്പൂൺ വിനിഗർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഈ മിക്സ് അൽപ്പം നേരം അടച്ചു വച്ചു ഫ്രിഡ്ജിൽ വക്കണം.
ഒരു മണിക്കൂർ കഴിഞ്ഞ് പുറത്തേക്ക് എടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യമുള്ളത്ര ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ബീഫ് കഷണങ്ങൾ ചേർത്ത് നന്നായി വറുത്തു കോരുക. ഈ സമയത്തു ചെറിയ ചൂടിൽ വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ ചേർത്ത് കൊടുക്കുക. ഇനി രണ്ടു സ്പൂൺ നീളത്തിൽ അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, നാലു പച്ചമുളക് എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ഇനി രണ്ടു സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുക. അൽപ്പം കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റുക.
ഇനി അതിലേക്ക് രണ്ടു സ്പൂൺ വറ്റൽമുളക് ചതച്ചത് ചേർക്കുക. അര സ്പൂൺ കാശ്മീരി മുളക്പൊടിയും, രണ്ടു സ്പൂൺ ടൊമാറ്റോ സോസും കൂടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അര മുറി നാരങ്ങ നീര് കൂടി ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്ത് പാകത്തിന് ഉപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇനി ഈ കൂട്ടിലേക്ക് നമ്മൾ വറുത്തു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒരു സ്പൂൺ കുരുമുളക്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. അവസാനം അൽപ്പം മല്ലിയില അരിഞ്ഞതും, കറിവേപ്പിലയും, ഒരു പിടി അണ്ടിപരിപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “ബീഫ് കൊണ്ടാട്ടം” റെഡി… !!!
https://www.youtube.com/watch?v=odvZ-vDpxwA
