ഒരു വെറൈറ്റി ടേസ്റ്റിൽ പുളിയിഞ്ചി ചിക്കൻ കഴിച്ചു നോക്കിയിട്ടുണ്ടോ

കിടിലൻ ടേസ്റ്റ് ആണ് നമ്മുടെ പുളിയിഞ്ചി ചിക്കൻ. അതുപോലെ തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. പുളിയിഞ്ചി ഉണ്ടെങ്കിൽ പിന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഈ വിഭവം തയ്യാറാക്കി എടുക്കാം. അപ്പോൾ പിന്നെ വളരെ എളുപ്പത്തിൽ എരിവും, പുളിയും, മധുരവും, ഉപ്പും ചേർന്ന സൂപ്പർ ഡിഷ്‌ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ ചിക്കൻ നല്ലതു പോലെ വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി എടുക്കണം. ഇനി ചിക്കനിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, ഒരു മുട്ട, മൂന്നു സ്പൂൺ കോൺ ഫ്ലോർ, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ റസ്റ്റ്‌ ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യമുള്ള അത്രയും വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചിക്കൻ കഷണങ്ങൾ ഓരോന്നായി ചേർത്ത് നല്ലപോലെ വറുത്തു കോരി മാറ്റുക. ചെറിയ ചൂടിൽ ഇട്ടു വറുത്തു കോരണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക അതിലേക്ക് ഒരു പിടി കറിവേപ്പില ചേർക്കുക. ഇനി രണ്ടു വലിയ സ്പൂൺ പുളിയിഞ്ചി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് നമ്മൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അപ്പോൾ തന്നെ ഗ്യാസ് ഓഫ്‌ ചെയ്യുക. അൽപ്പം വെളുത്ത എള്ള് മുകളിൽ തൂവിയാൽ കാണാൻ ഒരു പ്രത്യേക സ്റ്റൈൽ ആണ്. അപ്പോൾ നമ്മുടെ അടിപൊളി “പുളിയിഞ്ചി ചിക്കൻ” റെഡി… !!!

Thanath Ruchi

Similar Posts