കടലയും, ചേമ്പിൻ തണ്ടും കൊണ്ടുള്ള അടിപൊളി തോരൻ കഴിച്ചു നോക്കിയിട്ടുണ്ടോ…?

എന്നും എന്തെങ്കിലും തോരൻ ഇല്ലാതെ മലയാളിക്ക് പറ്റത്തില്ല. പണ്ടു കാലത്തെ ഒരു തോരൻ ഒന്നു തയ്യാറാക്കി നോക്കിയാലോ..? പഴമയെ ഉണർത്തുന്ന രുചിയോടെ കടല ചേമ്പിൻ തണ്ട് തോരൻ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ്‌ കടല എട്ടു മണിക്കൂർ കുതിർത്തു വക്കണം. അതിനു ശേഷം പാകത്തിന് ഉപ്പ് ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി ചേമ്പിൻ തണ്ട് തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി വെള്ളത്തിൽ ഇട്ടു വക്കണം. ഏകദേശം മൂന്നു കപ്പ് ചേമ്പിൻ തണ്ട് വേണം. ഇനി അര മുറി തേങ്ങാ ചിരകിയത്, അര സ്പൂൺ ചെറിയ ജീരകം, രണ്ടു പച്ചമുളക്, രണ്ടു അല്ലി വെളുത്തുള്ളി, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ചതച്ചു എടുക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി അതിലേക്ക് മൂന്നു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി വഴറ്റുക.

ഇനി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പിൻ തണ്ട് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പാകത്തിന് ഉപ്പും ചേർത്ത് വേണം മിക്സ്‌ ചെയ്യാൻ. ഇനി അടച്ചു വച്ചു വേവിച്ചു എടുക്കുക. ഈ സമയത്തു വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ചെറിയ തീയിൽ വേണം വേവിച്ചു എടുക്കാൻ.

ചേമ്പിൻ തണ്ട് വെന്തു വന്നാൽ അതിലേക്ക് വേവിച്ചു മാറ്റി വച്ചിരിക്കുന്ന കടല കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു പത്തു മിനിറ്റ് അടച്ചു വക്കണം. ഇനി നന്നായി ഡ്രൈ ആയി വന്നാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി കടല ചേമ്പിൻ തണ്ട് തോരൻ റെഡി… !!

Thanath Ruchi

Similar Posts