പച്ച പപ്പായ ഉണ്ടോ.. നാടൻ ടേസ്റ്റിൽ അടിപൊളി അച്ചാർ റെഡി ആക്കി എടുക്കാം

പച്ച പപ്പായ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒരു ഐറ്റം ആണ്. കായ്ക്കുന്ന മരം ആണെങ്കിൽ ഇഷ്ടംപോലെ ഉണ്ടാവുകയും ചെയ്യും. അപ്പോൾ അതുകൊണ്ട് തയ്യാറാക്കി എടുക്കുന്ന സ്ഥിരം വിഭവങ്ങൾ കഴിച്ചു മടുത്തെങ്കിൽ തയ്യാറാക്കി വയ്ക്കാവുന്ന സൂപ്പർ അച്ചാർ ആണിത്. മാങ്ങാ അച്ചാറിന്റെ പോലെ ടേസ്റ്റ് ആണിതിന്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് അച്ചാർ റെഡി ആക്കി എടുക്കുന്നതെന്ന് നോക്കാം.

ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള പപ്പായയുടെ തോലും, ഉള്ളിലെ കുരുവും കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം കനം കുറച്ചു ചെറുതായി അരിഞ്ഞു എടുക്കണം. മാങ്ങാ അച്ചാറിന് അരിഞ്ഞു എടുക്കുന്നത് പോലെ മുറിച്ചെടുത്താൽ മതി.

ഇനി ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ നല്ലെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിച്ച ശേഷം നാലു വറ്റൽമുളകും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് നാലു പച്ചമുളക് അരിഞ്ഞതും, ഒരു പിടി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് മൂന്നു സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കായംപൊടി, അര സ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് മുക്കാൽ കപ്പ് വിനാഗിരി ചേർത്ത് തിളപ്പിക്കുക. ഇനി പാകത്തിന് ഉപ്പും കൂടി ചേർക്കുക. നന്നായി മിക്സ്‌ ചെയ്ത് അരിഞ്ഞു വച്ചിരിക്കുന്ന പപ്പായ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി പെട്ടെന്ന് തന്നെ ത൭ ഓഫ് ചെയ്യണം. ( ആ ചൂടിൽ തന്നെ പപ്പായ വെന്തോളും. അല്ലെങ്കിൽ നന്നായി വെന്തു കുഴയും. ) ഇനി നന്നായി ചൂടാറിയ ശേഷം ഒരു ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ചു വയ്ക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പായ അച്ചാർ” തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts