ഒന്നാന്തരം പാൽ കൊഴുക്കട്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാം, അപാര രുചി ആണ്

പണ്ടു കാലത്തെ സ്ഥിരം പലഹാരം ആയിരുന്നു കൊഴുക്കട്ട. അത് അരിപ്പൊടി കൊണ്ടും, ഗോതമ്പ് പൊടി കൊണ്ടും തയ്യാറാക്കി എടുക്കാറുണ്ട്. കുട്ടികൾക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ഇന്ന് ആരും കൊഴുക്കട്ട ഉണ്ടാക്കാറില്ല എന്നതാണ് സത്യം. ഈ രീതിയിൽ കുട്ടികൾക്ക് കൊഴുക്കട്ട തയ്യാറാക്കി കൊടുത്താൽ എന്തായാലും അവർക്ക് ഇഷ്ടമാകും. അപ്പോൾ വളരെ ടേസ്റ്റി ആയി, വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പാൽ കൊഴുക്കട്ട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് അരിപ്പൊടിയും, കാൽ കപ്പ് തേങ്ങ ചിരകിയതും, ഒരു സ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.  ഇതിൽ നിന്നും ഒരു സ്പൂൺ പൊടി എടുത്തു മാറ്റി വക്കണം.  ഇനി അതിലേക്ക് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അൽപ്പം ചൂടാറിയ ശേഷം കൈ കൊണ്ട് നന്നായി കുഴച്ചു എടുക്കണം. അതിനു ശേഷം ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കണം. ചെറിയ ഉരുളകൾ ഉരുട്ടി എടുക്കുന്നതാണ് നല്ലത്. വലിയ ഉരുള ആയാൽ കുട്ടികൾക്ക് കഴിക്കാൻ ബുദ്ധിമുട്ടാകും.

ഇനി ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് വേവിക്കുക. അതിലേക്ക് നമ്മൾ എടുത്തു മാറ്റി വച്ചിരിക്കുന്ന അരിപ്പൊടിയും, പാകത്തിന് പഞ്ചസാരയും കൂടി ചേർത്ത് തിളപ്പിക്കുക. നല്ല കൊഴുപ്പ് കിട്ടണം. അതിനു വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

ഇനി കൊഴുക്കട്ട വെന്തു വന്നാൽ അതിലേക്ക് ഒരു കപ്പ് കട്ടി തേങ്ങാപ്പാൽ കൂടി ചേർത്ത് ചൂടാക്കുക. അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി തിളച്ചു വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “പാൽ കൊഴുക്കട്ട” തയ്യാർ! ബ്രേക്ക്‌ഫാസ്റ്റിനും, നാലുമണി നേരത്തും കഴിക്കാൻ അടിപൊളിയാണ്. ഇതുണ്ടെങ്കിൽ പിന്നെ കുട്ടികൾക്ക് മറ്റൊന്നും വേണ്ടി വരില്ല.

Thanath Ruchi

Similar Posts