പഞ്ചഫല പ്രഥമൻ തയ്യാറാക്കേണ്ടത് ഈ ശരിയായ രീതിയിലാണ്
വിശേഷ ദിവസങ്ങളിൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു വിഭവം ആണ് പായസം. അത് പ്രഥമൻ തന്നെ ആണെങ്കിൽ കേമാണ്. ഈ പായസത്തിന്റെ പേര് പോലെ തന്നെ അഞ്ചു ഫലങ്ങൾ കൊണ്ടാണ് ഈ പ്രഥമൻ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ടേസ്റ്റ് ആണിതിന്. അപ്പോൾ വളരെ സ്വാദുള്ള പഞ്ചഫല പ്രഥമൻ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം അര കപ്പ് പൈനാപ്പിൾ അൽപ്പം പഞ്ചസാര ചേർത്ത് വേവിക്കുക. അര കപ്പ് ആപ്പിൾ പഞ്ചസാര ചേർത്ത് വേവിക്കുക. നേന്ത്രപ്പഴം നന്നായി വേവിച്ചു ഉടച്ചത്, ചക്ക വരട്ടിയത്, പഴുത്ത പപ്പായ വേവിച്ചു ഉടച്ചത് എന്നിവയും വേണം. ഇവയെല്ലാം അര കപ്പ് വീതം എടുത്താൽ മതി. കാൽ കപ്പ് ചൗവ്വരി വേവിച്ചു എടുക്കുക. ഇനി മുക്കാൽ കപ്പ് ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചു വക്കണം.
ഇനി ഒരു ഉരുളി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് പപ്പായ, ആപ്പിൾ, പൈനാപ്പിൾ, ചക്ക, പഴം എന്നിവ വേവിച്ചു ഉടച്ചത് ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴറ്റിയ ശേഷം ഉരുക്കി വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് നന്നായി തിളപ്പിക്കുക.
ഇനി അതിലേക്ക് മൂന്നു തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കുക. കുറുകി വരാൻ തുടങ്ങിയാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചൗവ്വരി ചേർത്ത് തിളപ്പിക്കണം. ഇനി കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. നന്നായി കുറുകി വന്നാൽ അതിലേക്ക് ഒന്നാം പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് വാങ്ങി വക്കണം. ഇനി ഒരു സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “പഞ്ചഫല പ്രഥമൻ” തയ്യാർ… !!
