ഇനി ചക്കമടൽ വെറുതെ കളയല്ലേ നല്ല ഒന്നാന്തരം കൊണ്ടാട്ടം തയ്യാറാക്കി എടുക്കാം
ചക്കക്കാലമായാൽ ചക്ക ഒരുപാട് കിട്ടും. അപ്പോൾ അതിന്റെ ചുളയും, കുരുവും എടുത്തു ബാക്കിയെല്ലാം നമ്മൾ വലിച്ചെറിയും. ഇനി ചക്കയുടെ മടൽ ആരും കളയേണ്ട. നല്ല ഒന്നാന്തരം മടൽ കൊണ്ടാട്ടം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ചേന കൊണ്ടുള്ള കൊണ്ടാട്ടം പോലെ അടിപൊളി ടേസ്റ്റ് ആണിതിന്. കൊണ്ടാട്ടം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. പക്ഷെ അത് ഉണക്കി എടുക്കാൻ കുറച്ചു സമയം എടുക്കുമെന്ന് മാത്രം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചക്ക മടൽ കൊണ്ടാട്ടം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു ചക്കയുടെ മടൽ മുറിച്ചു എടുക്കുക. അതിനു പുറത്തുള്ള മുള്ളും, ഉള്ളിലെ ചുളയും എല്ലാം നന്നായി നീക്കിയതിനു ശേഷം മടൽ മാത്രം മുറിച്ചു വക്കുക. അതിനു ശേഷം കഴുകി വൃത്തിയാക്കി വക്കണം.
ഇനി കനം കുറച്ചു നീളത്തിൽ അരിഞ്ഞു എടുക്കണം. ഇനി ഇതൊരു കുക്കറിലേക്ക് മാറ്റുക. അതിലേക്ക് അര കപ്പ് വെള്ളവും, അര സ്പൂൺ മഞ്ഞൾപൊടിയും, ഒരു സ്പൂൺ മുളക്പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി കുക്കർ അടച്ചു വച്ചു ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. അതിനു ശേഷം ത൭ ഓഫ് ചെയ്യണം.
പ്രഷർ എല്ലാം പോയ ശേഷം കുക്കർ തുറന്ന് അതിലെ മടൽ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റണം. വെള്ളം ഉണ്ടെങ്കിൽ ഊറ്റി കളയാൻ മറക്കരുത്. ഇനി ഇത് നല്ല വെയിലിൽ ഉണക്കണം. ഏകദേശം ഒരാഴ്ച വെയിലത്തു വച്ചു ഉണക്കി എടുക്കേണ്ടി വരും. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് കുറച്ചു മടൽ ഇട്ടു കൊടുക്കുക. ഇനി അൽപ്പം നേരം ഇളക്കി കൊടുക്കണം. നല്ലവണ്ണം മൂത്തു വന്നാൽ നമ്മുടെ അടിപൊളി “ചക്ക മടൽ കൊണ്ടാട്ടം” തയ്യാർ… !! ചോറിന്റെ കൂടെയും, വെറുതെ കഴിക്കാനും അടിപൊളിയാണ്.
