|

ബ്രെഡും, മുട്ടയും ഉണ്ടെങ്കിൽ എണ്ണയില്ലാതെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഉഗ്രൻ ബ്രെഡ്‌ അപ്പം

ഒറ്റ നോട്ടത്തിൽ കേക്ക് ആണെന്ന് തോന്നുന്ന അടിപൊളി സ്നാക് ആണിത്. നല്ല സോഫ്റ്റും, സ്മൂത്തും ആണ്. തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അഞ്ചു പീസ് ബ്രെഡ്‌ എടുത്തു ചെറിയ കഷണങ്ങൾ ആയി മുറിച്ചു വക്കണം. അതിലേക്ക് തിളപ്പിച്ച അര കപ്പ് പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. നന്നായി കുതിരുന്നത് വരെ അങ്ങിനെ ഇരിക്കണം. മറ്റൊരു പാത്രത്തിൽ മൂന്നു മുട്ട എടുത്തു നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് അര കപ്പ്‌ പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അര കപ്പ്‌ പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു കപ്പ് ബ്രെഡ്‌ ക്രംസും, അര സ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. വാനില എസ്സെൻസിന് പകരം ഏലക്കപ്പൊടിയും ചേർത്ത് കൊടുക്കാം.

ഇനി ഒരു പരന്ന പ്ലേറ്റ് എടുത്തു അതിൽ അൽപ്പം എണ്ണയോ, നെയ്യോ തടവുക. അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ബ്രെഡ്‌ ചേർക്കുക. അതിനു മുകളിൽ ആയി പാലും, മുട്ടയും കൂടി മിക്സ്‌ ചെയ്തത് ഒഴിച്ച് സെറ്റ് ആക്കി വക്കണം. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ അൽപ്പം വെള്ളം തിളപ്പിക്കാൻ വക്കണം. അതിൽ തട്ട് വച്ചു ഈ പ്ലേറ്റ് ഇറക്കി വക്കണം. ഇനി ഇരുപത് മിനിറ്റ് വേവിച്ചു പുറത്തേക്ക് എടുക്കാം. നമ്മുടെ ഈ അപ്പം നല്ല രീതിയിൽ പൊങ്ങി വരുന്നത് കാണാം. നല്ലത് പോലെ ചൂടാറിയ ശേഷം അപ്പം പ്ലേറ്റിൽ നിന്ന് പുറത്തേക്ക് എടുക്കാം. ഇനി ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു കഴിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ്‌ അപ്പം” റെഡി!

Thanath Ruchi

Similar Posts