നാടൻ ടേസ്റ്റിൽ ഉള്ള അസ്സൽ അരിമുറുക്ക് തയ്യാറാക്കി എടുക്കാൻ ഇത്രയും എളുപ്പമായിരുന്നോ
അതേന്നെ… ഇനി അരിമുറുക്ക് വീട്ടിലും നല്ല അസ്സൽ സ്വാദിൽ തയ്യാറാക്കി എടുക്കാം. മുറുക്ക് കുട്ടികൾക്കും, മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ്. അപ്പോൾ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.
ആദ്യം ഒരു കപ്പ് പച്ചരി കുതിർത്തു വക്കണം. നന്നായി കുതിർന്നു വന്നാൽ പച്ചരിയുടെ അതെ അളവിൽ വെള്ളം ചേർത്ത് നന്നായി അരച്ചു എടുക്കുക. ഇനി മുക്കാൽ കപ്പ് ഉഴുന്ന് ഒരു പാനിൽ ഇട്ടു നന്നായി വറുത്തു എടുക്കുക. ( ചെറിയ ചൂടിൽ ഇട്ടു വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ) ഇനി ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. നല്ല നൈസ് ആയി പൊടിച്ചു എടുക്കണം.
ഇനി ഒരു പാത്രത്തിലേക്ക് ഉഴുന്നു പൊടി, അര കപ്പ് കടല മാവ്, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ചെറിയ ജീരകം, ഒരു സ്പൂൺ കറുത്ത എള്ള്, ഒരു സ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് നമ്മൾ അരച്ച് വച്ചിരിക്കുന്ന പച്ചരിയും, പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ആദ്യം സ്പൂൺ വച്ചു നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം കൈ കൊണ്ട് നന്നായി കുഴച്ചു എടുക്കണം. വെള്ളം ആവശ്യമാണെങ്കിൽ കുറേശ്ശേ തളിച്ച് കൊടുത്ത് കുഴച്ചു എടുക്കുക. നൂൽപുട്ടിന്റെ പാകത്തിന് മാവ് റെഡി ആക്കി എടുത്താൽ മതി. ഇനി മുറുക്കിന്റെ അച്ചിൽ നക്ഷത്രം പോലുള്ള ചില്ല് ഇട്ടു മാവ് നിറക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് മുറുക്കിന്റെ ഷേപ്പിൽ ചുറ്റിച്ചു മുറുക്ക് തയ്യാറാക്കി എടുക്കുക. ചെറിയ ചൂടിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിരിച്ചും, മറിച്ചും ഇട്ടു മുറുക്ക് തയ്യാറാക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “അരിമുറുക്ക്” തയ്യാർ… !!
