നല്ല നാടൻ ടേസ്റ്റിൽ കുമ്പളങ്ങ ചേർത്ത മീൻകറി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
തക്കാളി ചേർത്ത് നമ്മൾ മീൻകറി തയ്യാറാക്കി എടുക്കാറുണ്ട്. അതേപോലെ കുമ്പളങ്ങ ചേർത്ത് മീൻകറി തയ്യാറാക്കി എടുക്കുന്നത് എങ്ങിനെ ആണെന്ന് നോക്കൂ… ആദ്യം ഒരു കഷ്ണം കുമ്പളങ്ങ തൊലിയും, ഉള്ളിലെ കുരുവും കളഞ്ഞു ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. അതിനു ശേഷം വൃത്തിയായി കഴുകി എടുക്കണം. ഇനി അതൊരു ചട്ടിയിലേക്ക് മാറ്റുക. ഏകദേശം ഒരു കപ്പ് കുമ്പളങ്ങ മതിയാകും.
അതിലേക്ക് രണ്ടു സ്പൂൺ മുളക്പൊടി, മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്, ഒരു കപ്പ് വെള്ളം ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ചട്ടി അടുപ്പിൽ വച്ചു നന്നായി തിളപ്പിക്കുക. കുമ്പളങ്ങ വെന്തു വന്നാൽ അതിലേക്ക് രണ്ടു കഷ്ണം കുടംപുളി ചേർക്കുക. അല്ലെങ്കിൽ വാളൻ പുളി ചേർത്താലും മതി. നന്നായി തിളച്ചാൽ അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത് പതുക്കെ മിക്സ് ചെയ്യണം. ഏതു മീൻ വേണമെങ്കിലും ഈ കറി റെഡി ആക്കി എടുക്കാൻ ഉപയോഗിക്കാം. മീൻ ഏകദേശം വെന്തു വന്നാൽ അതിലേക്ക് അര മുറി തേങ്ങ ചിരകി അരച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ചെറുതായി തിള വരാൻ തുടങ്ങിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അഞ്ചോ, ആറോ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി കാൽ സ്പൂൺ മുളക്പൊടി ചേർത്ത് ഇളക്കിയ ശേഷം കറിയിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “കുമ്പളങ്ങ മീൻ കറി” റെഡി…. !!
