പപ്പായ തോരൻ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ പപ്പായ ഇഷ്ടമില്ലാത്തവർ വരെ കഴിക്കും

പപ്പായ തോരൻ നമ്മൾ എല്ലാവരും കഴിച്ചിട്ടുണ്ട്. പക്ഷെ ഈ രീതിയിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ..? ക്യാബേജ് തോരൻ ആണെന്നെ തോന്നുകയുള്ളൂ. ആർക്കും പപ്പായ ആണെന്ന് മനസ്സിലാവുകയെ ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ വളരെ ടേസ്റ്റിൽ പപ്പായ തോരൻ റെഡി ആക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.

ആദ്യം ഒരു പപ്പായ ഗ്രേറ്ററിൽ ഇട്ടു ചീകി എടുക്കുക. ( മുറിച്ചു എടുക്കുന്നതിനേക്കാൾ നല്ലത് ചീകി എടുക്കുന്നതാണ്. ) അതിനു ശേഷം അര മുറി തേങ്ങ ചിരകിയത്, ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില നാലു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കുരുമുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം നേരം അടച്ചു മാറ്റി വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി രണ്ടു സ്പൂൺ കടുകും, ഒരു സ്പൂൺ ഉഴുന്നുപരിപ്പും ചേർത്ത് പൊട്ടിക്കുക. അതിലേക്ക് നാലു വറ്റൽമുളക് പൊട്ടിച്ചത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് നമ്മൾ സെറ്റ് ആക്കി വച്ചിരിക്കുന്ന പപ്പായ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ചെറിയ ചൂടിൽ വേവിച്ചു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഞ്ചു മിനിറ്റിനു ശേഷം മൂടി തുറന്നു ചൂടോടെ തന്നെ ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പായ തോരൻ” തയ്യാർ… !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts