വളരെ ടേസ്റ്റി ആയ, അതേ സമയം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമായ ബനാന ലഡ്ഡു ആണ് ഇന്ന് നമ്മൾ റെഡി ആക്കാൻ പോകുന്നത്. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും, നാലുമണി നേരത്ത് കൊടുക്കാനും വളരെ നല്ലതാണ് നമ്മുടെ ബനാന ലഡ്ഡു. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബനാന ലഡ്ഡു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം നാലായി മുറിക്കുക. അതിനു ശേഷം നടുവിൽ ഉള്ള കറുത്ത കുരു എടുത്തു മാറ്റണം. ഇനി ചെറിയ കഷണങ്ങൾ ആയി മുറിക്കുക. നേന്ത്രപ്പഴം പുഴുങ്ങി എടുത്തും ഇതുപോലെ ചെയ്യാവുന്നതാണ്. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി വഴറ്റുക. ചെറിയ ചൂടിൽ വഴറ്റി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.
പഴം നല്ല ബ്രൗൺ നിറം ആയി വന്നാൽ അതിലേക്ക് പാകത്തിന് പഞ്ചസാര അല്ലെങ്കിൽ ശർക്കര ഉരുക്കിയത് ചേർത്ത് നന്നായി മിക്സ് ചെയ്യണം. നല്ലപോലെ മധുരം പഴത്തിലേക്ക് പിടിച്ചു കഴിഞ്ഞാൽ അര കപ്പ് തേങ്ങ ചിരകിയത്, അര സ്പൂൺ ഏലക്കപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യണം. ഇനി അതിലേക്ക് ഒരു പിടി അണ്ടിപ്പരിപ്പ്, ഒരു പിടി ബദാം എന്നിവ ചെറുതായി ക്രഷ് ചെയ്തു ചേർക്കുക. നന്നായി മിക്സ് ചെയ്തു ഗ്യാസ് ഓഫ് ചെയ്യണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി ചൂടാറിയ ശേഷം ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ബനാന ലഡ്ഡു റെഡി.! ഇത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. തീർച്ച. അതുപോലെ കുട്ടികൾക്ക് വളരെ നല്ലതുമാണ്.