ഈ വെത്തൾ അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറെ കറിയുടെ ആവശ്യമേ ഇല്ല!
അതെ, അര കിലോ വെത്തൾ അല്ലെങ്കിൽ നത്തോലി ഉണ്ടെങ്കിൽ അടിപൊളി മീൻ അച്ചാർ റെഡി ആക്കി എടുക്കാം. ആവശ്യത്തിന് എരിവും, പുളിയും, ഉപ്പും ചേർന്ന് അടിപൊളി സ്വാദ് ആണ് നമ്മുടെ ഈ അച്ചാറിന്. ആർക്കും ഇഷ്ടമാകുന്ന ടേസ്റ്റ്. ഇനി നത്തോലി കിട്ടുമ്പോൾ എന്തായാലും പരീക്ഷിച്ചു നോക്കേണ്ട വിഭവം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് നത്തോലി അച്ചാർ ഇടുന്നത് എന്ന് നോക്കാം.
ആദ്യം അര കിലോ നത്തോലി തലയും, വാലും കളഞ്ഞു വൃത്തിയാക്കി കഴുകി എടുക്കുക. ഇനി ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു വക്കണം. ഇനി അര മണിക്കൂർ അടച്ചു മാരിനെറ്റ് ചെയ്യാൻ വേണ്ടി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് പാകത്തിന് വെളിച്ചെണ്ണ ചേർക്കുക. ഇനി പുരട്ടി വച്ചിരിക്കുന്ന മീൻ ചേർത്ത് നല്ലവണ്ണം വറുത്തു എടുക്കുക. നല്ലപോലെ മൊരിയിച്ചു എടുക്കണം.
ഇനി പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു പിടി വെളുത്തുള്ളി അരിഞ്ഞതും, ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു പിടി കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്യണം. ഇനി മൂന്നു സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അര സ്പൂൺ കായം പൊടിയും, അര സ്പൂൺ ഉലുവപ്പൊടിയും ചേർക്കുക. ഇനി അരകപ്പ് വിനിഗർ കൂടി ചേർത്ത് പാകത്തിന് ഉപ്പ് ചേർക്കണം. നന്നായി തിളച്ചു എണ്ണ തെളിഞ്ഞു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർക്കുക. ഇനി ഒരൽപ്പം പഞ്ചസാര ചേർത്ത് കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “നത്തോലി അച്ചാർ” റെഡി…. !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
