അമൃതം പൊടി കൊണ്ട് അടിപൊളി ടേസ്റ്റിൽ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
അമൃതം പൊടി കഴിക്കുന്നത് കുട്ടികൾക്ക് ഒരുപാട് നല്ലതാണ്. ഇത് കഴിക്കാൻ മടിയുള്ള കുട്ടികൾക്കു ഈ പൊടികൊണ്ട് വേറെ എന്തെങ്കിലും രീതിയിൽ തയ്യാറാക്കി കൊടുക്കുന്നതാണ് നല്ലത്. അങ്ങിനെ ഉള്ളവർക്ക് അമൃതം പൊടി ഉണ്ണിയപ്പം തയ്യാറാക്കുന്നത് വളരെ നല്ലതാണ്. അമൃതം പൊടിയാണ് എന്ന് തീരെ മനസ്സിലാവുകയെ ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഉണ്ണിയപ്പം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം അഞ്ചു അച്ച് ശർക്കര അര കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് രണ്ടു വലിയ സ്പൂൺ തേങ്ങാക്കൊത്ത് ചേർത്ത് നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു എടുക്കുക.
ഇനി ഒരു പാത്രത്തിലേക്ക് രണ്ടു കപ്പ് അമൃതം പൊടി ചേർക്കുക. അതിലേക്ക് ശർക്കര ഉരുക്കിയത് അരിച്ചു ചേർക്കുക. ഇനി അര കപ്പ് ചിരകിയ തേങ്ങ, വറുത്തു വച്ചിരിക്കുന്ന തേങ്ങ കൊത്ത്, ഒരു ചെറു പഴം ഉടച്ചത്, അര സ്പൂൺ ഏലക്കപ്പൊടി, അര സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. (മാവ് നല്ല കട്ടിയിൽ ആവാനും പാടില്ല, നല്ല ലൂസ് ആകാനും പാടില്ല.) ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യണം. ഇനി അര മണിക്കൂർ അടച്ചു മാറ്റി വക്കണം. ഇനി ഒരു ഉണ്ണിയപ്പ ചട്ടി വച്ചു അതിൽ വെളിച്ചെണ്ണ ചേർക്കുക. ഇനി കുറേശ്ശേ മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം ചുട്ടു എടുക്കുക. ചെറിയ ചൂടിൽ ചുട്ടു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “അമൃതം പൊടി ഉണ്ണിയപ്പം” റെഡി… !!
