അടിപൊളി ടേസ്റ്റിൽ കറുമുറെ കൊറിക്കാൻ അവൽ മിക്സ്ചർ വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം

അവൽ ഉണ്ടെങ്കിൽ പല രീതിയിൽ നമുക്ക് കഴിക്കാം. അവൽ മിക്സ്ചർ റെഡി ആക്കി എടുക്കാൻ പൊരി അവൽ ആണ് ബെസ്റ്റ്. സാധാ അവൽ വച്ചും ഇത് തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ. കൂടുതൽ ടേസ്റ്റ് പൊരി അവൽ വച്ചു തയ്യാറാക്കി എടുക്കുന്നതാണ്. ഇതു കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് എത്ര വേണമെങ്കിലും നമുക്ക് തയ്യാറാക്കി എടുക്കാം. അതുപോലെ കഴിക്കാനും അടിപൊളി ടേസ്റ്റ് ആണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് അവൽ മിക്സ്ചർ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു പൊരി അവൽ ഒന്നു ചൂടാക്കി എടുക്കുക. സാധാ അവൽ ആണെങ്കിൽ രണ്ടു മിനിറ്റ് ചെറിയ ചൂടിൽ ഇട്ട് വറുത്തു എടുക്കണം. നല്ല ക്രിസ്പി ആയി വന്നാൽ വാങ്ങി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ചൂട് നല്ലതു പോലെ കുറച്ചു വക്കണം. ഇനി അതിലേക്ക് ഏഴോ, എട്ടോ അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി അതിലേക്ക് ഒരു കപ്പ് കപ്പലണ്ടി (നിലക്കടല )ചേർത്ത് ഒന്നുകൂടി വഴറ്റുക. ഇനി ഒരു പിടി പൊട്ടുകടല ചേർത്ത് വഴറ്റുക.

ഇനി അതിലേക്ക് അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കായംപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് അര സ്പൂൺ പഞ്ചസാരയും, പാകത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. കറിവേപ്പില നന്നായി മൊരിഞ്ഞു വന്നാൽ അതിലേക്ക് പൊരി അവൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “അവൽ മിക്സ്ചർ” റെഡി… !!! ചൂടാറിയ ശേഷം നല്ല അടച്ചുറപ്പ് ഉള്ള പാത്രത്തിൽ ആക്കി സൂക്ഷിച്ചു വക്കാം. ഒരുപാട് ദിവസം ഇത് കേടുകൂടാതെ ഇരിക്കും.

Thanath Ruchi

Similar Posts