കാന്താരി ചിക്കൻ കഴിച്ചിട്ടുണ്ടോ നാടൻ ടേസ്റ്റിൽ കാന്താരി മുളക് കൊണ്ട് സൂപ്പർ ടേസ്റ്റിലൊരു ചിക്കൻ കറി

ഈ കാലത്ത് ധാരാളം കാന്താരി മുളക് ഉണ്ടാകുന്ന സമയമാണ്. അപ്പോൾ ചിക്കനും കൂടി കിട്ടിയാൽ എന്തായാലും കഴിച്ചിരിക്കേണ്ട ഒരു കറിയാണ് കാന്താരി ചിക്കൻ കറി. കാന്താരി മുളകിന്റെ ഒരു അസാധ്യ രുചിയാണിതിന്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കാന്താരി ചിക്കൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കിലോ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അര മുറി തേങ്ങ ചിരകിയത്, ഒരു പിടി അണ്ടിപ്പരിപ്പ് കുതിർത്തത്, മുപ്പത് കാന്താരി മുളക് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് നമ്മൾ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം അൽപ്പം നേരം അടച്ചു വച്ചു വേവിക്കണം. ഇനി ഇടക്കിടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.

ചിക്കൻ നന്നായി വെന്തു വന്നാൽ അതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കറിക്ക് ചാർ വേണ്ടതനുസരിച് വെള്ളം ചേർക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കണം. ഇനി അൽപ്പം കാന്താരി മുളക് മുഴുവനോടെ കറിയിലേക്ക് ചേർക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഒരു പിടി ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി കറിയിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കാന്താരി ചിക്കൻ റെഡി.! ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts