നാടൻ ടേസ്റ്റിൽ ഉള്ളി സാമ്പാർ ഇതു പോലെ തയ്യാറാക്കിയാൽ അടുത്ത വീട്ടീന്ന് വരെ ആളെത്തും

സാമ്പാർ മലയാളികളുടെ പ്രിയപ്പെട്ട ഒരു കറിയാണ്. സദ്യക്ക് ആണെങ്കിലും, വീട്ടിലും നമ്മൾ സാമ്പാർ റെഡി ആക്കി എടുക്കാറുണ്ട്. അതിൽ ഉള്ളി സാമ്പാർ കേമൻ ആണ്. ഉള്ളി മാത്രം ചേർത്ത് തയ്യാറാക്കി എടുക്കുന്നത് കൊണ്ട് ഒരു പ്രത്യേക ടേസ്റ്റ് ആണിതിന്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഉള്ളി സാമ്പാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ്‌ പരിപ്പ് അര സ്പൂൺ മഞ്ഞൾപൊടിയും, രണ്ടു കപ്പ് വെള്ളവും ചേർത്ത് നന്നായി വേവിച്ചു എടുക്കുക. അതിനു ശേഷം കട്ടകൾ ഇല്ലാതെ ഉടച്ചു വക്കണം. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇനി അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി വറുത്തു എടുക്കണം. അൽപ്പം കറിവേപ്പില കൂടി ചേർത്ത് വറുക്കുക. ചെറിയ ചൂടിൽ ഇട്ട് നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു എടുക്കണം. ഇനി അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യണം. ചൂടാറിയ ശേഷം നന്നായി അരച്ചു എടുക്കുക.

വേവിച്ചു ഉടച്ച പരിപ്പിലേക്ക് രണ്ടു കപ്പ് ചെറിയ ഉള്ളി തോൽ കളഞ്ഞു വൃത്തിയാക്കിയത് ചേർക്കുക. ഇനി നന്നായി വേവിക്കുക. അതിലേക്ക് പാകത്തിന് പുളിയും, ഉപ്പും ചേർക്കണം. വീണ്ടും തിളപ്പിച്ച ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അര സ്പൂൺ കായം പൊടി കൂടി ചേർത്ത് ഇളക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കണം. നാലു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് വാങ്ങി കറിയിലേക്ക് ചേർക്കുക. ഇനി അൽപ്പം മല്ലിയില അരിഞ്ഞത് സാമ്പാറിലേക്ക് ചേർത്ത് അടച്ചു വക്കണം.
ഇപ്പോൾ നമ്മുടെ അടിപൊളി ഉള്ളി സാമ്പാർ റെഡി…. !!!

Thanath Ruchi

Similar Posts