പാലക്കാടൻ സ്പെഷ്യൽ മുളക് വറുത്ത പുളി എങ്ങിനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

ഇത് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഒഴിച്ചു കറി ആണ്. ഊണിനു കറികൾ ഇല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നാടൻ കറി. പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ പുളി മാത്രം വച്ചു തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി കറി. അപ്പോൾ വളരെ പെട്ടന്ന് എങ്ങിനെയാണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ ഇട്ടു കുതിരാൻ വേണ്ടി വക്കണം. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടി വന്നാൽ അതിലേക്ക് നാലു വറ്റൽമുളക് പൊട്ടിച്ചത് അല്ലെങ്കിൽ ചതച്ചത്, അൽപ്പം കറിവേപ്പില എന്നിവ ചേർക്കുക. ഇനി എട്ടു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും, മൂന്നു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി കാൽ സ്പൂൺ മഞ്ഞൾപൊടി കൂടി ചേർത്ത് നന്നായി വഴറ്റുക.

ഉള്ളി നന്നായി വാടി വന്നാൽ അതിലേക്ക് പുളി വെള്ളം ചേർക്കുക. ഇനി രണ്ടു കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ അര സ്പൂൺ ഉലുവ വറുത്തു പൊടിച്ചത് കൂടി ചേർത്ത് വാങ്ങി വക്കണം. ഇനി ഇത് അൽപ്പം കട്ടിയിൽ തിളപ്പിച്ച്‌ എടുത്താൽ തൊടുകറിയായും ഉപയോഗിക്കാം. അവസാനം രണ്ടു സ്പൂൺ അരിയും, ഒരു സ്പൂൺ ഉലുവയും കൂടി വറുത്തു പൊടിച്ചു ചേർക്കുക. അപ്പോൾ നന്നായി കുറുകി വരും. ഇപ്പോൾ നമ്മുടെ അടിപൊളി “മുളക് വറുത്ത പുളി” തയ്യാർ… !!

Thanath Ruchi

Similar Posts