മീൻ കറിയുടെ അതെ ടേസ്റ്റിൽ മുട്ടക്കറി റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ
മീൻ കറിയുടെ അതെ ടേസ്റ്റിൽ മുട്ടക്കറി റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ… !! മീൻ കിട്ടാത്ത സമയങ്ങളിൽ മീൻ കറി കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും.? അങ്ങിനെയുള്ള സമയങ്ങളിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ സൂപ്പർ മുട്ടക്കറിയാണിത്. തയ്യാറാക്കി എടുക്കാനും എളുപ്പം, കഴിക്കാനും ബഹുകേമം.! അപ്പോൾ വളരെ എളുപ്പത്തിൽ ഈ കറി തയ്യാറാക്കി എടുക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.
ആദ്യം ഒരു മീൻ ചട്ടിയിലേക്ക് അര സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, രണ്ടു പച്ചമുളക് കീറിയത്, രണ്ടു തണ്ട് കറിവേപ്പില, ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു തക്കാളി നീളത്തിൽ അരിഞ്ഞത്, രണ്ടു സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഞെരടി എടുക്കുക. ഇനി അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും, ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പാകത്തിന് ഉപ്പും, ഒരു കഷ്ണം കുടംപുളി കുതിർത്തതും ചേർത്ത് നന്നായി മിക്സ് ചെയ്യണം.
ഇനി ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. കറി നന്നായി തിളച്ചു വന്നാൽ ചൂട് കുറച്ചു വച്ചു തിളപ്പിക്കുക. ഇനി നാലു പുഴുങ്ങിയ മുട്ട ചേർത്ത് വീണ്ടും തിളപ്പിക്കുക. അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി അഞ്ചോ, ആറോ ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അൽപ്പം കറിവേപ്പില കൂടി ചേർത്ത് വഴറ്റി കറിയിൽ ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി മീൻ കറിയുടെ ടേസ്റ്റിൽ ഉള്ള “മുട്ടക്കറി” തയ്യാർ… !! ഈ കറി ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
