നല്ല നാടൻ ടേസ്റ്റിൽ വെള്ള അവിയൽ റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ
ഒരു സദ്യ ആയാൽ അവിയൽ ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു വിഭവമാണ്. പക്ഷെ ഒരു ചേഞ്ച് എല്ലാവർക്കും ഇഷ്ടമാണല്ലോ..! എന്നും മഞ്ഞ അവിയൽ കഴിച്ചു മടുത്തെങ്കിൽ ട്രൈ ചെയ്തു നോക്കാൻ പറ്റിയ ഒരു ഐറ്റം ആണിത്. ടേസ്റ്റിൽ ഒട്ടും കുറവില്ലാത്ത വെള്ള അവിയൽ എങ്ങിനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം വെള്ളരിക്ക, മുരിങ്ങക്കായ, ഇളവൻ, കായ, ചേന, കാരറ്റ്, പയർ, മത്തങ്ങാ, ബീൻസ്, കൊത്തമര എന്നീ പച്ചക്കറികൾ നീളത്തിൽ കനം കുറച്ചു മുറിച്ചു വക്കണം. നമുക്ക് കിട്ടുന്ന ഏതു പച്ചക്കറിയും ഉപയോഗിക്കാം. എല്ലാ കഷണവും ഒരേ വലുപ്പത്തിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ വെന്തുകിട്ടാൻ പ്രയാസമാകും. അതിനുശേഷം വൃത്തിയായി കഴുകി എടുക്കുക.
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഈ പച്ചക്കറികൾ മാറ്റി അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് നന്നായി വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി ഒരു വാഴയില കൊണ്ട് മൂടി വച്ച ശേഷം വേണം വേവിച്ചു എടുക്കാൻ. ഒരു നാടൻ ടേസ്റ്റ് കിട്ടാൻ നല്ലതാണ്. ഇനി അര മുറി തേങ്ങ ചിരകിയത്, ആറു പച്ചമുളക് എന്നിവ ചേർത്ത് നന്നായി ചതച്ചു എടുത്തു വക്കണം. വെള്ളമെല്ലാം വറ്റി വെന്തു വന്ന പച്ചക്കറികളിലേക്ക് ഒരു കപ്പ് കട്ട തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി തിളച്ചശേഷം അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി നന്നായി തട്ടിപ്പൊത്തി വക്കണം. ആവി വരാൻ തുടങ്ങിയാൽ അൽപ്പം കറിവേപ്പില കൂടി തൂവി വാങ്ങി വക്കണം. ഇനി രണ്ടു വലിയ സ്പൂൺ പച്ചവെളിച്ചെണ്ണ കൂടി തൂവി അടച്ചു വക്കണം. വാഴയില മുകളിൽ ഇടാൻ മറക്കരുത്. ഇനി അൽപ്പം നേരം കഴിഞ്ഞ് എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ ടേസ്റ്റി ആയ “വെള്ള അവിയൽ” റെഡി… !!
