അടിപൊളി ടേസ്റ്റിൽ ഒരു വെറൈറ്റി എഗ്ഗ് റൈസ്

വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാന്തരം റൈസ് ആണിത്. കുട്ടികൾക്കു ഇത് ഒരുപാട് ഇഷ്ടമാകും. കറിയൊന്നും വക്കാൻ നേരമില്ലാതിരിക്കുമ്പോൾ ഈ രീതിയിൽ ചോറ് തയ്യാറാക്കി കൊടുത്താൽ എല്ലാവരും ഇഷ്ടത്തോടെ കഴിച്ചോളും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

 

ആദ്യം നാലു മുട്ട പൊട്ടിച്ചൊഴിച്ചു അതിലേക്ക് പാകത്തിന് ഉപ്പ്, മുക്കാൽ സ്പൂൺ കുരുമുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി മുട്ടക്കൂട്ട് ചേർത്ത് മിക്സ്‌ ചെയ്യണം. ഒരു മിനിറ്റ് ചെറിയ തീയിൽ അനക്കാതെ വക്കണം. അതിനു ശേഷം ചെറുതായി ഇളക്കി പൊരിച്ചു വക്കണം. ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി അതിലേക്ക് ഒരു സവാള ചെറുതായി കൊത്തിയരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി നാലു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, നാലോ, അഞ്ചോ ബീൻസ് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

 

സവാള നന്നായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, മുക്കാൽ സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അൽപ്പം മല്ലിയില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ഒരു കപ്പ് ഉപ്പ് ചേർത്ത് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഏത് അരി വേണമെങ്കിലും ഇത് തയ്യാറാക്കി എടുക്കാൻ ഉപയോഗിക്കാം. ബിരിയാണി അരിയും, ബസ്മതി അരിയും, പൊന്നി അരിയും, ചോറ് തയ്യാറാക്കുന്ന ഏതു അരികൊണ്ടും തയ്യാറാക്കി എടുക്കാം. ഇനി അൽപ്പം കൂടി മല്ലിയില മുകളിൽ തൂവി വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി എഗ്ഗ് റൈസ് തയ്യാർ. ഇനി നല്ല തൈര് സാലഡ് കൂട്ടി കഴിച്ചു നോക്കൂ… പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല… !!

Thanath Ruchi

Similar Posts