റെസ്റ്റോറന്റ് സ്റ്റൈലിൽ വെജ്. മഞ്ചൂരിയൻ ഈ രീതിയിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം
റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന വെജ്. മഞ്ചൂരിയൻ ഇനി നമ്മുടെ വീട്ടിൽ വളരെ പെട്ടെന്ന് തന്നെ റെഡി ആക്കി എടുക്കാം. ചൈനീസ് വിഭവങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ ഐറ്റവും ഇഷ്ടമാകാതിരിക്കില്ല. ചപ്പാത്തി, റൈസ്, പുലാവ് എന്തിന്റെ കൂടെ വേണമെങ്കിലും ഈ ഐറ്റം അടിപൊളി കോമ്പിനേഷൻ ആയിരിക്കും.
ആദ്യം ഒരു കാബ്ബജിന്റെ പകുതി എടുത്തു ചെറുതായി ചോപ് ചെയ്തു വക്കണം. അതിലേക്ക് ഒരു സവാള ചെറുതായി കൊത്തി അരിഞ്ഞതും, ഒരു സ്പൂൺ ഗരം മസാല, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നാലു സ്പൂൺ കോൺഫ്ളർ, നാലു സ്പൂൺ മൈദ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചു എടുക്കുക. അല്പാല്പം ആയി വെള്ളം ചേർത്ത് വേണം കുഴച്ചു എടുക്കാൻ. ഇനി ചെറിയ ഉരുളകൾ റെഡി ആക്കി വക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഇനി ഓരോരോ ഉരുളകൾ ആയി ചേർത്ത് വറുത്തു കോരുക. ലോ ഫ്‌ളൈമിൽ ഇട്ടു നല്ല ഗോൾഡൻ ബ്രൗൺ നിറം ആക്കുന്നത് വരെ വറുത്തു കോരുക.
ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി രണ്ടു സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, രണ്ടു സ്പൂൺ ഇഞ്ചി അരിഞ്ഞതും, രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അര കപ്പ് സ്പ്രിംഗ് ഓനിയൻ, അര ക്യാപ്‌സികം നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് രണ്ടു സ്പൂൺ റെഡ് ചില്ലി സോസ്, രണ്ടു സ്പൂൺ സോയ സോസ്, രണ്ടു സ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് വഴറ്റുക. ഇനി അര സ്പൂൺ കുരുമുളക്പൊടി, ഒരു സ്പൂൺ വിനിഗർ, അര കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ഒരു സ്പൂൺ കോൺഫ്ളർ വെള്ളത്തിൽ കലക്കി ചേർത്ത് തിളപ്പിക്കുക.
ഇപ്പോൾ ഗ്രേവി നന്നായി തിളച്ചു കുറുകി വരുന്നത് കാണാം. ഇനി അതിലേക്ക് വറുത്തു കോരി വച്ചിരിക്കുന്ന കാബ്ബേജ് ബോൾസ് ചേർത്ത് തിളപ്പിക്കുക. ഇനി അൽപ്പം സ്പ്രിംഗ് ഓണിയൻ കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “വെജ്. മഞ്ചൂരിയൻ” തയ്യാർ… !!
