നല്ല നാടൻ ടേസ്റ്റിൽ മത്തങ്ങാ പുളിശ്ശേരി ഈ രീതിയിൽ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും

പുളിശ്ശേരി എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു കറിയാണ്. പക്ഷെ ഈ രീതിയിൽ മത്തങ്ങാ കൊണ്ട് പുളിശ്ശേരി തയ്യാറാക്കിയിട്ടില്ലെങ്കിൽ എന്തായാലും തയ്യാറാക്കി നോക്കാം. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ കോമ്പിനേഷൻ ആണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് മത്തങ്ങാ പുളിശ്ശേരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കഷ്ണം മത്തങ്ങാ ചതുരത്തിൽ മുറിച്ചു വക്കണം. അതിനുശേഷം കഴുകി വക്കുക. ഇനി ഒരു കുക്കറിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മത്തങ്ങയും, അര സ്പൂൺ മഞ്ഞൾപൊടിയും, കാൽ സ്പൂൺ മുളക്പൊടിയും, ഒരു കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.

ഇനി ഈ സമയത്തു തേങ്ങ അരപ്പ് റെഡി ആക്കി എടുക്കണം. അര മുറി തേങ്ങയിലേക്ക് ഒരു നുള്ള് ചെറിയ ജീരകം, ഒരു നുള്ള് കുരുമുളക്, രണ്ടു പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ച് വക്കണം. ഇനി നന്നായി വെന്തു വന്ന മത്തങ്ങായിലേക്ക് അര കപ്പ് നല്ല പുളിയുള്ള തൈര് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പുളിശ്ശേരിക്ക് ചാറ് വേണ്ടതനുസരിച് വെള്ളം ചേർക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് ചൂടാക്കുക. അരപ്പ് ചേർത്താൽ തിളപ്പിക്കരുത്.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു വറ്റൽമുളകും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റി കറിയിൽ ചേർക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “മത്തങ്ങാ പുളിശ്ശേരി” തയ്യാർ… !

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →