ഒരു വെറൈറ്റി രുചിയിൽ കാബ്ബേജ് റൈസ് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
എന്നും ഒരേപോലെ ചോറും, കറിയും തയ്യാറാക്കി കഴിച്ചു മടുത്താൽ ഇടക്കൊക്കെ ഈ രീതിയിൽ കാബ്ബേജ് റൈസ് തയ്യാറാക്കി നോക്കൂ… ! കിടിലൻ ടേസ്റ്റ് ആണ്. ഈ രീതിയിൽ ചോറ് തയ്യാറാക്കി എടുത്താൽ വേറെ കറിയുടെ ആവശ്യവും ഇല്ല. കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടാൻ പറ്റിയ ഒന്നാന്തരം വിഭവം ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കാബ്ബേജ് റൈസ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമണം മാറിയ ശേഷം രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ഒരു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.
അതിലേക്ക് ഒരു കപ്പ് കാബ്ബേജ് നീളത്തിൽ അരിഞ്ഞതും, അൽപ്പം ഗ്രീൻപീസും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി പാകത്തിന് ഉപ്പും, കാൽ സ്പൂൺ മഞ്ഞൾപൊടിയും, ഒരു നുള്ള് ചെറിയ ജീരകപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക. ചെറിയ തീയിൽ വഴറ്റി അടച്ചു വച്ചു വേവിച്ചു എടുക്കുക.
കാബ്ബേജ് വെന്തു വന്നാൽ അതിലേക്ക് ഒരു കപ്പ് വേവിച്ച ബസ്മതി ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു സ്പൂൺ കുരുമുളക്പൊടിയും, ഒരു സ്പൂൺ സോയ സോസും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. അൽപ്പം മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ത൭ ഓഫ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “കാബ്ബേജ് റൈസ്” റെഡി… !!
