ഒരു ബീറ്റ്റൂട്ട് കൊണ്ട് ചപ്പാത്തിക്ക് പറ്റിയ ഒന്നാന്തരം കറി. ഇതുണ്ടെങ്കിൽ പിന്നെ ചപ്പാത്തി തീരുന്നത് അറിയുകയേ ഇല്ല
ചപ്പാത്തി കഴിക്കണമെങ്കിൽ അതിനു പറ്റിയ അസ്സൽ കറികൾ വേണം. അല്ലെങ്കിൽ ആർക്കും ചപ്പാത്തി വേണ്ട. ഒരു ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ വളരെ വെറൈറ്റി ആയി ഒരു കറി തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഈ കറി ഇഷ്ടമാകുകയും ചെയ്യും.
ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു വറ്റൽമുളക് പൊട്ടിച്ചു ചേർക്കുക. രണ്ടു തണ്ട് കറിവേപ്പിലയും, രണ്ടു പച്ചമുളക് അരിഞ്ഞതും, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.
സവാള നന്നായി വാടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് അൽപ്പം വലിയ കഷണങ്ങൾ ആക്കി വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അതിലേക്ക് ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് പാകത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഇനി കുക്കർ മൂടി വച്ചു രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.
കഷണങ്ങൾ വെന്തു വന്നാൽ അതിലേക്ക് അര മുറി തേങ്ങ ചിരകി അരച്ച് കറിയിലേക്ക് ചേർക്കുക. ( അതിനു പകരം തേങ്ങാപാൽ ചേർത്താലും മതി. ) നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. അൽപ്പം മല്ലിയില കൂടി മുകളിൽ തൂവുക. ഇപ്പോൾ നമ്മുടെ അടിപൊളി “ബീറ്റ്റൂട്ട് കറി” തയ്യാർ… !!
