തേങ്ങയും, തേങ്ങാപ്പാലും ചേർക്കാതെ സൂപ്പർ ടേസ്റ്റിൽ നല്ല കുറുകിയ ചാറോടു കൂടി ചിക്കൻ കറി

തേങ്ങയും, തേങ്ങാപ്പാലും ഒന്നും ഇല്ലെങ്കിലും നല്ല കുറുകിയ ചാറോട് കൂടി അടിപൊളി ചിക്കൻ കറി റെഡി ആക്കിയാലോ. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം എന്നുള്ളതാണ് ഈ കറിയുടെ പ്രത്യേകത. അപ്പോൾ വളരെ ഈസി ആയി ചിക്കൻ കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ഒരു സ്പൂൺ തൈര്, ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അര മണിക്കൂർ അടച്ചു മാറ്റി വക്കണം.

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിന്റെ കൂടെ തന്നെ എട്ടോ, പത്തോ അണ്ടിപ്പരിപ്പ് കൂടി ചേർത്ത് വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് രണ്ടു തക്കാളി കൂടി ചേർത്ത് വഴറ്റുക. നന്നായി വഴറ്റിയ ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി ചൂടാറിയ ശേഷം നന്നായി അരച്ച് എടുക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു പച്ചമുളക് കീറിയതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ചിക്കൻ ചേർത്ത് നന്നായി വഴറ്റുക. അതിലെ വെള്ളം ഇറങ്ങി വരുന്നത് വരെ വഴറ്റുക. അതിലേക്ക് അരപ്പ് ചേർക്കുക. അതിനു ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഉപ്പ് കുറവുണ്ടെങ്കിൽ ചേർക്കാൻ മറക്കരുത്. ഇനി അടച്ചു വച്ചു ചിക്കൻ വേവിക്കുക. ചെറിയ ചൂടിൽ ഇട്ടു വേവിച്ചു എടുക്കണം. അൽപ്പം മല്ലിയില കൂടി തൂവി വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചിക്കൻ കറി തയ്യാർ… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →