കടലയും, മുട്ടയും കൂടി തോരൻ വച്ചു കഴിച്ചു നോക്കിയിട്ടുണ്ടോ, അപാര രുചിയാണ്

കടല തനിയെ തോരൻ വയ്ക്കുന്നതിനേക്കാൾ ടേസ്റ്റ് ആണ് ഇതുപോലെ മുട്ട ചേർത്ത് തോരൻ തയ്യാറാക്കി എടുക്കുമ്പോൾ. ചോറിന്റെ കൂടെയും, കഞ്ഞിയുടെ കൂടെയും ഈ തോരൻ അടിപൊളി കോമ്പിനേഷൻ ആണ്. കടലയിൽ ഈ രീതിയിൽ മുട്ട ചേർത്ത് തയ്യാറാക്കി എടുത്താൽ വേറെ കറിയുടെ ആവശ്യവും ഇല്ല. ഒരു അച്ചാർ കൂടി ഉണ്ടെങ്കിൽ പിന്നെ അടിപൊളി. അപ്പോൾ വളരെ എളുപ്പത്തിൽ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് കുതിർത്ത കടല അര സ്പൂൺ മഞ്ഞൾപൊടിയും, മൂന്നു പച്ചമുളകും, പാകത്തിന് ഉപ്പും, വെള്ളവും ചേർത്ത് നന്നായി വേവിച്ചു എടുക്കുക. അതിനു ശേഷം വെള്ളം ഊറ്റി വക്കണം. ഇനി അര മുറി തേങ്ങയും, അഞ്ചു വറ്റൽമുളകും, അര സ്പൂൺ പെരുംജീരകവും ചേർത്ത് വെള്ളം ചേർക്കാതെ ഒരു മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി അൽപ്പം കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർത്ത് നന്നായി വഴറ്റുക. ഇനി അര സ്പൂൺ ഗരം മസാലയും, അര സ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി വഴറ്റുക.

അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി കടല ഒരു സൈഡിൽ നീക്കി അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് അതിലേക്ക് മൂന്നു മുട്ട പൊട്ടിച്ചു ചേർക്കുക. നന്നായി ചിക്കി പൊരിച്ചു എടുക്കുക. ഇനി ഒന്നാകെ മിക്സ്‌ ചെയ്തു വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “കടല മുട്ട തോരൻ” തയ്യാർ….!!

Thanath Ruchi

Similar Posts