പാലക് ചീര ചേർത്ത് സൂപ്പർ ടേസ്റ്റിൽ ഒരു ചിക്കൻ കറി! ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കണം

ചിക്കൻ കറിയിൽ പാലക് ചീര കൂടി ചേർത്ത് പൊലിപ്പിച്ചാലോ…? “പൊളിക്കും”. ചിക്കൻ കറിയുള്ളപ്പോൾ ചീരക്കറി കുട്ടികൾ തൊടില്ല. അങ്ങിനെ ഉള്ള കുട്ടികൾക്ക് ഈ രീതിയിൽ തയ്യാറാക്കി കൊടുത്താൽ അവർ അറിയാത്ത തന്നെ കഴിച്ചോളും. അപ്പോൾ വളരെ പെട്ടെന്ന് ഒരു ചിക്കൻ കറി റെഡി ആക്കി നോക്കിയാലോ..

ആദ്യം ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി അതിലേക്ക് പാകത്തിന് ഉപ്പ്, അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അൽപ്പം നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വക്കണം. ( മസാല നന്നായി പിടിക്കുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. )

ഇനി ഒരു ചുവട് കട്ടിയുള്ള പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു വലിയ സ്പൂൺ ഓയിൽ ചേർക്കുക. ഇനി രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു തക്കാളി വേവിച്ചു അരച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ചെറിയ ചൂടിൽ ഇട്ടു നന്നായി വഴറ്റുക. എണ്ണ നന്നായി തെളിഞ്ഞു വരണം. ഇനി അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അടച്ചു വച്ചു അഞ്ചു മിനിറ്റ് വേവിക്കുക. ഇനി മൂടി തുറന്ന് അതിലേക്ക് ഒരു സ്പൂൺ ഗരം മസാല കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി രണ്ടു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി ചെറിയ ചൂടിൽ അടച്ചു വച്ചു വേവിക്കുക.

ഇനി ഒരു കെട്ട് പാലക് ചീര നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന ചീര വെന്തു വന്ന ചിക്കനിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി നന്നായി ഇളക്കി വേവിച്ചു എടുക്കുക. ചീര വെന്തു വന്നാൽ അൽപ്പം മല്ലിയില കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “പാലക് ചിക്കൻ കറി” തയ്യാർ… !!

Thanath Ruchi

Similar Posts