അപാര ടേസ്റ്റിൽ തേങ്ങാപാൽ ചേർത്ത് ചെമ്മീൻ കറി തയ്യാറാക്കാം

ചെമ്മീൻ പല രീതിയിൽ നമ്മൾ കറി വച്ചു കഴിക്കാറുണ്ട്. തേങ്ങ അരച്ച് ചേർത്ത്, തേങ്ങ വറുത്തു അരച്ച്, തേങ്ങ ചേർക്കാതെ, ചെമ്മീൻ റോസ്റ്റ് എന്നിങ്ങനെ നമ്മൾ കറി വക്കാറുണ്ട്. എന്നാൽ തേങ്ങാപ്പാൽ ചേർത്ത് കറി വയ്ക്കുമ്പോൾ ഒരു പ്രത്യേക നാടൻ ടേസ്റ്റ് ആണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചെമ്മീൻ കറി വയ്ക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മൺ ചട്ടിയിലേക്ക് പത്തു ചെറിയ ഉള്ളി ചതച്ചത്, നാലു പച്ചമുളക് ചതച്ചത്, അൽപ്പം കറിവേപ്പില, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, രണ്ടു സ്പൂൺ വെളിച്ചെണ്ണ, അര കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കിയത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് മൂന്നു കഷ്ണം കുടംപുളി, രണ്ടു കപ്പ് രണ്ടാം പാൽ, പാകത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

കറി നന്നായി കുറുകി വന്നാൽ അതിലേക്ക് മാറ്റി വച്ചിരിക്കുന്ന അര കപ്പ് ഒന്നാം പാൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ചെറിയ തീയിൽ ഇട്ടു നന്നായി തിളപ്പിക്കുക. നല്ലതു പോലെ എണ്ണ തെളിഞ്ഞു വന്നാൽ തീ ഓഫ്‌ ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി അഞ്ചോ, ആറോ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അൽപ്പം കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “ചെമ്മീൻ കറി” തയ്യാർ… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →