പത്തു മിനിറ്റിൽ നല്ല ടേസ്റ്റ് ഉള്ള ഗ്രീൻ മുട്ടക്കറി തയ്യാറാക്കി എടുക്കാം; ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ

മുട്ടക്കറി നമ്മൾ പല രീതിയിൽ തയ്യാറാക്കി എടുക്കാറുണ്ട്. തേങ്ങ വറുത്തരച്ചും, ഉള്ളി വഴറ്റിയും, മുട്ട പുഴുങ്ങി ചേർത്തും, മുട്ട പൊരിച്ചു ചേർത്തും അങ്ങിനെ പല രീതിയിൽ നമ്മൾ കറി തയ്യാറാക്കി എടുക്കാറുണ്ട്. പക്ഷെ ഗ്രീൻ മുട്ടക്കറി തയ്യാറാക്കി എടുക്കാൻ വളരെ കുറച്ചു സമയം മാത്രം മതി. വായിൽ വെള്ളമൂറി വരുന്ന സ്വാദും. അപ്പോൾ നല്ല ടേസ്റ്റ് ഉള്ള മുട്ടക്കറി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അഞ്ചു മുട്ട പുഴുങ്ങി മാറ്റി വക്കണം. ചൂടാറിയ ശേഷം അതിന്റെ തോല് കളഞ്ഞു രണ്ടായി കട്ട്‌ ചെയ്തു വക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അര മുറി തേങ്ങ ചിരകിയത്, മൂന്നു പച്ചമുളക്, അര സ്പൂൺ പെരുംജീരകം, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, അര സ്പൂൺ മഞ്ഞൾപൊടി, അൽപ്പം മല്ലിയില എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം.

ഇനി ഒരു ചുവട് കട്ടിയുള്ള ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അൽപ്പം കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് നമ്മൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് തിളപ്പിക്കുക. ഒന്നര കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.

തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ പുഴുങ്ങി മുറിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക. അതിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യണം. ( കറിക്ക് കട്ടി കുറവാണെങ്കിൽ ഒരു സ്പൂൺ മൈദായോ, അരിപ്പൊടിയോ അൽപ്പം വെള്ളത്തിൽ കലക്കി ചേർത്ത് തിളപ്പിച്ച്‌ എടുത്താൽ മതി. കറി നന്നായി കുറുകി വരും. ) ഇപ്പോൾ നമ്മുടെ അടിപൊളി “ഗ്രീൻ മുട്ടക്കറി” തയ്യാർ… !! ഇത് ചപ്പാത്തിയുടെ കൂടെയും, പത്തിരിയുടെ കൂടെയും, അപ്പത്തിന്റെ കൂടെയും, ഇടിയപ്പത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts