ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടോ? നല്ല ഉഗ്രൻ ടേസ്റ്റിൽ പാൽ പിടി തയ്യാറാക്കി എടുക്കാം
പിടി എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ്. അത് ഉപ്പ് ചേർത്ത് തയ്യാറാക്കി എടുത്തതാണ് എങ്കിൽ ചിക്കൻ കറി കൂട്ടി കഴിക്കാം. അതുപോലെ തേങ്ങാപാൽ ചേർത്ത് നല്ല മധുരം ചേർത്താണ് തയ്യാറാക്കി എടുക്കുന്നതെങ്കിൽ അത് വെറുതെ കഴിക്കാനാണ് ടേസ്റ്റ്. ഒരു പ്രത്യേക സ്വാദ് ആണ് നമ്മുടെ പാൽ പിടിക്ക്. അതുപോലെ തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണിത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു കപ്പ് ആട്ടപ്പൊടിയിലേക്ക് അൽപ്പം തേങ്ങ ചിരകിയത്, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ നെയ്യ്, അര സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അതിൽ നിന്നും ഒരു സ്പൂൺ പൊടി എടുത്തു മാറ്റി വക്കണം. അതിലേക്ക് നല്ല ചൂടുള്ള വെള്ളം ചേർത്ത് നന്നായി കുഴക്കുക. ഇനി ചെറിയ ഉരുളകൾ തയ്യാറാക്കി വക്കുക. ഇനി അര കപ്പ് ശർക്കര അര കപ്പ് വെള്ളം ചേർത്ത് നന്നായി ഉരുക്കുക. അതിനു ശേഷം അരിച്ചു വക്കണം. ഇനി ഒന്നേ കാൽ കപ്പ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചുവന്നാൽ നമ്മൾ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് നന്നായി വേവിക്കുക. അത് വെന്തു വന്നാൽ അതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്യണം.
ഇനി മുക്കാൽ കപ്പ് തേങ്ങയുടെ രണ്ടാം പാലിലേക്ക് നമ്മൾ ആദ്യം മാറ്റി വച്ചിരിക്കുന്ന ആട്ടപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി പിടി തിളക്കുന്നതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ചൂട് കുറച്ചു ചെറിയ ചൂടിൽ വേണം വേവിച്ചു എടുക്കാൻ. നന്നായി കുറുകി വരണം. കുറുകി വന്നാൽ അതിലേക്ക് അര കപ്പ് നല്ല കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് മിക്സ് ചെയ്യുക. ഇനി തിളപ്പിക്കുവാൻ പാടില്ല. ചൂടായി വന്നാൽ രണ്ടു നുള്ള് ഏലക്കപ്പൊടി കൂടി ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോതമ്പ് പാൽ പിടി” തയ്യാർ… !!
