ചിക്കൻ കറി ഇത്പോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്ന വഴി അറിയില്ല; എത്ര വേണേലും കഴിച്ചു പോകും

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കിയാലും ചിക്കൻ കറിയുടെ ടേസ്റ്റ് അത് ഒന്ന് വേറെ തന്നെ ആണ്. ചിക്കൻ കറി നല്ല നാടൻ രുചിയിൽ തയ്യാറാക്കി എടുത്താൽ അപാര രുചി തന്നെ ആണ്. ചിക്കൻകറി തയ്യാറാക്കാനായി ഒരു കിലോ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇടത്തരം വലുപ്പത്തിൽ കഷ്ണങ്ങളാക്കി എടുക്കണം.

ശേഷം ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, ഒരു നുള്ള് മഞ്ഞൾ പൊടിയും, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാലയും കൂടെ ഒരു പാനിൽ ചെറുതീയിൽ ചൂടാക്കി എടുക്കാം. ഈ മസാല ചൂടാക്കിയ ശേഷം ഒരു ടീസ്പൂൺ കുരുമുളകും, ഒരു പീസ് ഇഞ്ചിയും, രണ്ട് പച്ചമുളകും, ആറല്ലി വെളുത്തുള്ളിയും,രണ്ട് കറിവേപ്പിലയുടെ ഇതളും, അല്പം ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത ഈ ഒരു മിശ്രിതം കോഴിയിറച്ചിയിൽ പുരട്ടി അരമണിക്കൂർ വയ്ക്കാം.

ശേഷം ഒരു കഷണം ഇഞ്ചിയും, മൂന്നു വെളുത്തുള്ളിയും ചതച്ചെടുക്കാം. മൂന്ന് സവാളയും ഒരു തക്കാളിയും ആറു ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചതച്ച ഇഞ്ചിയും, വെളുത്തുള്ളിയും, അരിഞ്ഞുവെച്ച സവാളയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക. ഇതൊരു ബ്രൗൺ നിറമാകുമ്പോഴേക്കും കോഴിയിറച്ചിയും, ഒരു തക്കാളി അരിഞ്ഞു വെച്ചതും ഇതിലേക്ക് ചേർത്ത് അഞ്ചു മിനിറ്റ് നേരം ഇടവിട്ട് ഇളക്കി കൊടുക്കാവുന്നതാണ്.

ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കണം. വെന്തതിനുശേഷം കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. മറ്റൊരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ചൂടായ ശേഷം കടുക് ഇട്ടു പൊട്ടുമ്പോൾ കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് നന്നായിട്ട് മൂപ്പിച്ച് കറിയിൽ ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ നല്ല നാടൻ ചിക്കൻ കറിയാണ് ഇത്.

ചോറിന്റെ കൂടെയും ,ചപ്പാത്തിയുടെ കൂടെയും, പൊറോട്ടയുടെ കൂടെയും നമുക്ക് ഇഷ്ടമുള്ള എന്തിൻറെ കൂടെയും കഴിക്കാൻ പറ്റിയ ഒരു നാടൻ ചിക്കൻ കറിയാണ്. തേങ്ങാപ്പാൽ ആവശ്യമെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതി. ഈ രീതിയിൽ ചിക്കൻ കറി ഒറ്റ തവണ തയ്യാറാക്കിയാൽ പിന്നെ ഇങ്ങനെയെ തയ്യാറാക്കുകയുള്ളു.

Thanath Ruchi

Similar Posts