രുചികരമായി ഈ രീതിയിൽ സോയ ചങ്ക്‌സ് വരട്ടി നോക്കിയിട്ടുണ്ടോ? എന്തായാലും ഇഷ്ടമാകും!

സോയ ചങ്ക്‌സ് ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് സോയ എന്നു വച്ചാൽ ജീവനാണ്. സോയ എങ്ങിനെ ഉണ്ടാക്കി കൊടുത്താലും കുട്ടികൾ കഴിച്ചോളും. അപ്പോൾ ഈ രീതിയിൽ സോയ ഒന്ന് വരട്ടിയെടുത്തു കൊടുത്തു നോക്കു. വളരെ എളുപ്പത്തിൽ എങ്ങിനെയാണ് സോയ വരട്ടി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം 100 ഗ്രാം സോയ ചൂടുള്ള വെള്ളത്തിൽ ഇട്ട് കഴുകി വക്കണം. അതിനുശേഷം വെള്ളം നന്നായി പിഴിഞ്ഞു കളഞ്ഞു എടുത്തു വക്കണം. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, ഒരു സ്പൂൺ ഇഞ്ചി അരിഞ്ഞതും ചേർത്ത് വഴറ്റുക. അതിനുശേഷം രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

ഈ സമയത്തു മറ്റൊരു പാത്രത്തിൽ 2 ഗ്ലാസ്‌ വെള്ളം ചേർത്ത് അതിലേക്ക് നമ്മൾ കഴുകി വാരി വച്ചിരിക്കുന്ന സോയ ചേർത്ത് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് വേണം തിളപ്പിക്കുവാൻ.

ഇനി നന്നായി വഴറ്റി കൊണ്ടിരിക്കുന്ന സവാളയിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മുളക്പൊടി,ഒരു സ്പൂൺ മല്ലിപ്പൊടി,അര സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു പച്ചമുളക് അരിഞ്ഞതും, രണ്ടു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വന്നാൽ അതിലേക്ക് അൽപ്പം വെള്ളം ചേർത്ത് തിളപ്പിക്കുക.

തിളച്ചു വന്ന സോയാബീൻ വെള്ളത്തിൽ നിന്നും കോരി മാറ്റി വക്കണം. അതിനുശേഷം വെള്ളം നന്നായി പിഴിഞ്ഞു കളയണം. ഇനി വഴറ്റി കൊണ്ടിരിക്കുന്ന സവാള കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു പിടി മല്ലിയില അരിഞ്ഞതും, കറിവേപ്പിലയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. നന്നായി വഴറ്റിയ ശേഷം ഒരു ക്യാപ്‌സിക്കത്തിന്റെ പകുതി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.ഇനി നന്നായി വഴറ്റി എണ്ണ തെളിഞ്ഞു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി സോയ ചങ്ക്‌സ് വരട്ടിയത് തയ്യാർ…!

Thanath Ruchi

Similar Posts